Spread the love

രാജ്യത്തെ നിലവിലെ സിവില്‍ കോഡ് ഭിന്നിപ്പിക്കുന്നതാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. ഭരണഘടനാ ശില്‍പി അംബേദ്കര്‍ എഴുതിയ സിവില്‍ കോഡുകള്‍ എങ്ങനെ മതപരമാകുമെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര ചോദിച്ചു. ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത പ്രധാനമന്ത്രിക്ക് ഇത് എങ്ങനെയാണ് പറയാന്‍ കഴിയുക. പ്രധാനമന്ത്രി തന്റെ സ്ഥാനത്തെ ബഹുമാനിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് പവന്‍ഖേര പറഞ്ഞു.

നിലവിലെ സിവില്‍കോഡ് ഭിന്നിപ്പിക്കുന്നതാണെന്നും മതപരമായ വിവേചനം ഇല്ലാതാക്കാന്‍ മതേതര സിവില്‍കോഡ് നടപ്പിലാക്കേണ്ടതുണ്ടെന്നുമായിരുന്നു പ്രധാനമന്ത്രി ചെങ്കോട്ടയിലെ പ്രസംഗത്തില്‍ പരാമര്‍ശിച്ചത്. രാജ്യത്ത് മതേതര സിവില്‍കോഡ് ഉണ്ടാക്കേണ്ടത് കാലഘത്തിന്റെ ആവശ്യം ആണെന്ന് വിശ്വസിക്കുന്നു. എങ്കില്‍ മാത്രമെ മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനത്തില്‍ നിന്നും നമുക്ക് മുക്തരാവാനാകൂ എന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.

അതിനിടെ ചെങ്കോട്ടയില്‍ സ്വാതന്ത്ര്യദിനാഘോഷത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ പിന്‍ നിരയില്‍ ഇരുത്തിയെന്ന് ആക്ഷേപം ഉയര്‍ന്നു. ലോക്‌സഭാ പ്രതിപക്ഷ നേതാവെന്ന നിലയില്‍ പ്രോട്ടോകോള്‍ പ്രകാരം മുന്‍നിരയിലാണ് രാഹുലിന് സീറ്റ് ക്രമീകരിക്കേണ്ടിയിരുന്നതെന്ന് ചൂണ്ടികാട്ടിയാണ് വിമര്‍ശനം. പത്ത് വര്‍ഷത്തിനിടെ ആദ്യമായാണ് ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ ഒരു പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്നത്. ഒളിംപിക്സ് മെഡല്‍ ജേതാക്കള്‍ക്കൊപ്പം പിന്നില്‍ നിന്നും രണ്ടാമത്തെ വരിയിലായിരുന്നു രാഹുലിന്റെ സീറ്റ്. ഏറ്റവും മുന്‍ നിരയില്‍ കേന്ദ്രമന്ത്രിമാരായ നിര്‍മ്മലാ സീതാരാമന്‍, ശിവരാജ് സിംഗ് ചൗഹാന്‍, അമിത് ഷാ, എസ് ജയശങ്കര്‍ എന്നിവരായിരുന്നു. ഇവര്‍ക്കൊപ്പമാണ് ലോക്സഭാ പ്രതിപക്ഷ നേതാവിനും ഇരിപ്പിടം ഒരുക്കേണ്ടിയിരുന്നത്. എന്നാല്‍ കേന്ദ്ര മന്ത്രിമാരുടെ അതേ റാങ്കുള്ള പ്രതിപക്ഷ നേതാവിനെ പിന്നില്‍ ഇരുത്തിയതിനെതിരെയാണ് വിമര്‍ശനം ഉയരുന്നത്. എന്നാല്‍ ഒളിംപിക്സ് താരങ്ങള്‍ക്ക് സീറ്റൊരുക്കാനാണ് രാഹുലിനെ രണ്ടാം നിരയില്‍ ഇരുത്തിയതെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണം. സീറ്റ് ക്രമീകരിച്ചതിന്റെ ചുമതല പ്രതിരോധ മന്ത്രാലയത്തിനാണ്.

Leave a Reply