ഓൺലൈൻ ചാനലുകളും സോഷ്യൽ മീഡിയയുടെ വ്യക്തി ജീവിതത്തിലെ സ്വാധീനവും കൂടിയതോടെ ഒരു സിനിമയുടെ വിജയത്തിൽ വലിയ പ്രാധാന്യമുള്ള ഒന്നായി മാറിക്കഴിഞ്ഞു പ്രമോഷൻ പരിപാടികൾ. സിനിമാ മേഖലയും നിർമ്മാതാക്കളും നേരിടുന്ന വിവിധ പ്രതിസന്ധികൾ ചർച്ചയാകുന്നതിനിടയാണ് നടിമാർ തന്നിഷ്ടപ്രകാരം പ്രമോഷൻ പരിപാടികളിൽ നിന്നും വിട്ടുനിൽക്കുന്നു എന്ന തരത്തിലുള്ള സംവിധായകരുടെ ആരോപണങ്ങൾ ശക്തമാകുന്നത്. വളരെയധികം അഭ്യർത്ഥിച്ചിട്ടും ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ കൈകാര്യം നടി അനശ്വര രാജൻ പ്രമോഷൻ കാര്യങ്ങൾക്ക് സഹകരിക്കുന്നില്ലെന്ന് കാണിച്ച് കഴിഞ്ഞ ദിവസമാണ് മിസ്റ്റർ ആന്റ് മിസിസ് ബാച്ചിലർ എന്ന സിനിമയുടെ സംവിധായകൻ ദീപു കരുണാകരൻ രംഗത്ത് എത്തിയത്. തൊട്ടടുത്ത ദിവസം നടി അഹാനക്കെതിരെയും സമാന ആരോപണം ഉയരുകയുണ്ടായി. ഈ അവസരത്തിലാണ് പ്രമോഷൻ പരിപാടികളോടുള്ള തെന്നിന്ത്യൻ ലേഡീ സൂപ്പർസ്റ്റാർ നയൻതാരയുടെ സമീപനവും നിലപാടും ശ്രദ്ധേയമാകുന്നത്.
പ്രമോഷൻ പരിപാടികളിൽ പങ്കെടുക്കില്ലെന്ന ഉറച്ച നിലപാടിലാണ് താരം സിനിമകൾ കമ്മിറ്റ് ചെയ്യുന്നതും അഭിനയിക്കുന്നതും. തന്റെ നിലപാടിൽ വെള്ളം ചേർക്കാത്ത താരം ഒരു മലയാളം മാധ്യമത്തിന് അഭിമുഖം കൊടുത്തിട്ട് തന്നെ പത്തിലേറെ വർഷങ്ങളായി. തമിഴിൽ ആണെങ്കിലും സ്ഥിതി വ്യത്യസ്ഥമല്ല. സ്വന്തം പ്രൊഡക്ഷൻ ഹൗസിന്റെയൊ ഭർത്താവിന്റെയൊ ചിത്രം ആണെങ്കിൽ മാത്രമേ താരം പ്രമോഷൻ പരിപാടികളിൽ തല കാണിക്കാറുള്ളൂ.
താരത്തിന്റെ ആദ്യ ബോളിവുഡ് അരങ്ങേറ്റ ചിത്രവും കരിയറിലെ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളിൽ ഒന്നായിട്ടുപോലും ഹിന്ദി സിനിമ ജവാന്റെ പ്രമോഷൻ പരിപാടികളിൽ താരം പങ്കെടുത്തിരുന്നില്ല. ബോളിവുഡ് കിംഗ്ഖാൻ ഷാരൂഖായിരുന്നു ചിത്രത്തിൽ താരത്തിന്റെ നായകൻ. നായകൻ ഷാരൂഖ് ആണെങ്കിലും മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി ആണെങ്കിലും താരത്തിന് നിലപാട് ഒന്നേയുള്ളൂ എന്ന് മട്ടാണ്. പല ചിത്രങ്ങളുടെയും പ്രമോഷൻ പരിപാടികളിൽ മമ്മൂട്ടി പ്രത്യക്ഷപ്പെട്ടപ്പോൾ പോലും താരം വന്നിരുന്നില്ല.
അതേസമയം അനശ്വരയ്ക്കും അഹാനയ്ക്കും സാധിക്കാത്തത് നയൻതാരയ്ക്ക് എളുപ്പം സാധിക്കുന്നതിന്റെ കാരണം നടിയുടെ താര പദവിയും, ബോക്സ് ഓഫീസ് മൂല്യവും, തെന്നിന്ത്യൻ ആരാധകരുടെ പിന്തുണയും കൊണ്ടാണ്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഒരു മലയാളം സിനിമയുടെ ഭാഗമാകാൻ അഭിനേതാക്കൾ ഒപ്പുവയ്ക്കുമ്പോൾ ഇതിൽ പ്രമോഷൻ പരിപാടികളും ഉൾപ്പെടും എന്നതാണ് വസ്തുത. ഇത്തരത്തിൽ നിബന്ധന വരികയാണെങ്കിൽ നയൻതാര നിർഭയം സിനിമ ഒഴിവാക്കും എന്നതാണ് സത്യം.
അതേസമയം വർഷങ്ങളായി സിനിമയിൽ തന്നെ നിലനിൽക്കുന്നതിനാൽ പ്രേക്ഷകർക്ക് തന്നോട് മടുപ്പ് തോന്നാതിരിക്കാനും തന്നിൽ കൂടുതൽ കൗതുകം ജനിപ്പിക്കാനുമാണ് താരം അഭിമുഖങ്ങളിലും പ്രമോഷൻ പരിപാടികളിലും പങ്കെടുക്കാത്തത് എന്നാണ് വിവരം.