പുതുപ്പള്ളി∙ സോളർ തട്ടിപ്പു കേസിലെ പ്രതിയെ പീഡിപ്പിച്ചെന്ന കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കി സിബിഐ സമർപ്പിച്ച റിപ്പോർട്ട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി അംഗീകരിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും ഉമ്മൻ ചാണ്ടിയോടും കുടുംബത്തോടും മാപ്പുപറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ‘‘നാലു പൊലീസ് സംഘങ്ങള്‍ പരാതിയില്‍ കഴമ്പില്ലെന്ന് പറഞ്ഞിട്ടും മതിവരാഞ്ഞ് ഉമ്മന്‍ ചാണ്ടിയെ വഷളാക്കണമെന്ന് കരുതിയാണ് പിണറായി വിജയന്‍ തട്ടിപ്പ് കേസിലെ പ്രതിയായ സ്ത്രീയെ വിളിച്ച് വരുത്തി പരാതി എഴുതി വാങ്ങി സിബിഐയ്ക്ക് വിട്ടത്. ജീവിച്ചിരിക്കുമ്പോഴും മരിച്ച ശേഷവും സിപിഎം ഉമ്മന്‍ ചാണ്ടിയെ വേട്ടയാടി. ഏഴു വര്‍ഷം അധികാരത്തില്‍ ഇരുന്നിട്ടും കേസില്‍ എന്തെങ്കിലും ഒരു തുമ്പ് കണ്ടെത്താനായോ?.
മനഃപൂര്‍വമായി ഒരു മനുഷ്യനെ വേട്ടയാടാനും അപകീര്‍ത്തിപ്പെടുത്താനും അപഹസിക്കാനും വേണ്ടി സിപിഎം നടത്തിയ പ്രചരണവും തിരഞ്ഞെടുപ്പിന് മുന്‍പ് പരാതി എഴുതി വാങ്ങി സിബിഐ അന്വേഷണത്തിന് വിട്ട പിണറായി വിജയന്റെ നാടകവും കെട്ടിപ്പൊക്കിയ വ്യാജ ആരോപണങ്ങളായിരുന്നെന്ന് ഇപ്പോള്‍ വ്യക്തമായി. തെറ്റായ ആരോപണം ഉന്നയിച്ചതിലൂടെ പെണ്‍മക്കള്‍ അടക്കമുള്ള ഉമ്മന്‍ ചാണ്ടിയുടെ കുടുംബം എത്രമാത്രം വേദന അനുഭവിച്ചിട്ടുണ്ട്? പരാതി വ്യാജമായിരുന്നെന്ന സിബിഐയുടെ അന്വേഷണ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തോടും കേരളത്തിലെ ജനങ്ങളോടും മാപ്പു പറയണം.
ഈ തിരഞ്ഞെടുപ്പില്‍ പലതരത്തിലും സിപിഎം അധികാര ദുര്‍വിനിയോഗത്തിന് ശ്രമിച്ചു. സര്‍ക്കാരിന്റെ അധികാരം ഉപയോഗിച്ച് ചില സമുദായ നേതാക്കളെ സമ്മര്‍ദത്തിലാക്കാന്‍ പ്രചരണത്തിന്റെ അവസാന ആഴ്ച സിപിഎം ശ്രമിച്ചു. ചാണ്ടി ഉമ്മന് ലഭിക്കുന്ന മഹാഭൂരിപക്ഷം കുറയ്ക്കാനുള്ള ശ്രമങ്ങളാണ് സിപിഎം ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഇത്തരം കാര്യങ്ങളൊക്കെ ചെയ്യുന്നത്. അതിനെയൊക്കെ മറികടക്കുന്ന പ്രചരണം യുഡിഎഫ് നടത്തിയിട്ടുള്ളത് കൊണ്ടാണ് സര്‍ക്കാര്‍ ചെയ്ത എല്ലാ കാര്യങ്ങളും പുറത്ത് പറയാത്തത്. ജനങ്ങള്‍ക്കും അതേക്കുറിച്ച് കൃത്യമായ ധാരണയുണ്ട്’’– അദ്ദേഹം പറഞ്ഞു.
‘‘ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാടിന്റെ 22-ാം ദിനത്തിലാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ജില്ലാ നേതാക്കളെ ഉപയോഗിച്ച് ഉമ്മന്‍ ചാണ്ടിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും വേട്ടയാടിക്കൊണ്ടുള്ള പ്രചരണമാണ് സിപിഎം നടത്തിയത്. ജനങ്ങളില്‍ നിന്നും അതിനെതിരെ പ്രതികരണമുണ്ടായപ്പോള്‍ ഉമ്മന്‍ ചാണ്ടിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും എതിരായ പ്രചരണം ആവര്‍ത്തിക്കില്ലെന്ന് സിപിഎം നേതാക്കള്‍ പറഞ്ഞു. ഇതിന് പിന്നാലെ സിപിഎം നേതാക്കളുടെ അറിവോടെ ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെതിരെ സൈബര്‍ ആക്രമണം നടത്തി. ഇടുക്കിയില്‍ നിന്നും എം.എം.മണിയെ രംഗത്തിറക്കി ഉമ്മന്‍ ചാണ്ടിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും എതിരെ ആക്ഷേപം പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മകള്‍ ജനങ്ങളുടെ മനസിലുണ്ടെന്നത് ഒരു യാഥാര്‍ഥ്യമാണ്. അത് ആര്‍ക്കും മായ്ച്ച് കളയാനാകില്ല.