Spread the love
സർക്കാർ നിരന്തരം വേട്ടയാടുന്നുവെന്ന് എച്ച്ആർഡിഎസ്; സ്വപ്ന സുരേഷിനെ പുറത്താക്കി,

സ്വപ്ന സുരേഷിന് ജോലി നൽകിയതിന്‍റെ പേരിൽ സർക്കാർ സംവിധാനങ്ങൾ നിരന്തരം വേട്ടയാടുന്നുവെന്ന് എച്ച് ആർ ഡി എസ്. ഓഫീസിന്‍റെ പ്രവർത്തനത്തെ ബാധിക്കുന്ന സാഹചര്യത്തിൽ ആണ് സ്വപ്നയെ പുറത്താക്കാൻ തീരുമാനിച്ചതെന്ന് എച്ച് ആർ ഡി എസ് ചീഫ് കോർഡിനേറ്റർ ജോയ് മാത്യു വിശദീകരിച്ചു. സ്വർണക്കടത്ത് കേസിൽ പ്രതിയായ എം ശിവശങ്കറിനെ സർക്കാർ സർവീസിൽ തിരിച്ചെടുത്ത് ശമ്പളം നൽകുന്ന സ്ഥിതിക്ക് കൂട്ടു പ്രതിയായ സ്വപ്നക്ക് ജോലി നൽകുന്നതിൽ തെറ്റില്ലെന്ന് കണ്ടാണ് എച്ച് ആർ ഡി എസ് ജോലി നൽകിയതെന്ന് എച്ച് ആർ ഡി എസ് അധികൃതർ വിശദീകരിക്കുന്നു. എന്നാൽ സംഘടനക്ക് കേസിലും വിവാദങ്ങളിലും പെടാൻ താൽപര്യമില്ല എന്നും സർക്കാർ സംവിധാനങ്ങളോട് പൊരുതി നിൽക്കാനുള്ള കരുത്തില്ലെന്നും എച്ച് ആർ ഡി എസ് ചീഫ് കോർഡിനേറ്റർ ജോയ് മാത്യു പറഞ്ഞു. ശമ്പള ഇനത്തിൽ 43000 രൂപയും യാത്രാ ബത്തയായി 7000 രൂപയും അടക്കം 50000 രൂപയായിരുന്നു സ്വപ്നയുടെ ശമ്പളം.ഇത് എച്ച് ആർ ഡി എസിന്‍റെ സ്വന്തം ഫണ്ടിൽ നിന്നാണ് നൽകിയിരുന്നതെന്നും എച്ച് ആർ ഡി എസ് പറയുന്നു. ജോലിയിൽ നിന്ന് പുറത്താക്കിയെങ്കിലും സൌജന്യ സേവനം തുടരാൻ അനുവദിക്കണമെന്ന സ്വപ്നയുടെ അഭ്യർഥന പരിഗണിച്ച് സ്ത്രീ ശാക്തീകരണ ഉപദേശക സമിതി അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തിട്ടുണ്ട്. സ്വർണക്കടത്ത് കേസ് പ്രതിയായ ഒരു സ്ത്രീയെ എച്ച് ആർ ഡി എസാണ് ചെല്ലു ചെലവും നൽകി പരിപാലിക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രി അടക്കം നിയമസഭയിൽ ഉയർത്തിയ ആരോപണം. ഇതു കൂടി കണക്കിലെടുത്ത് വിവാദങ്ങൾ അവസാനിപ്പിക്കാനാണ് നടപടിയെന്ന് എച്ച് ആർ ഡി എസ് വ്യക്തമാക്കി

Leave a Reply