Spread the love
അട്ടപ്പാടിയിൽ ആദിവാസി ഭൂമി കയ്യേറിയെന്ന കേസിൽ HRDS സെക്രട്ടറി അജി കൃഷ്ണൻ അറസ്റ്റില്‍

ആദിവാസി ഭൂമി തട്ടിയെടുത്തെന്നും ആദിവാസികളെ കയ്യേറ്റം ചെയ്തു എന്നുമുള്ള കേസില്‍ അറസ്റ്റിലായ എച്ച് ആര്‍ ഡി എസ് സ്ഥാപക സെക്രട്ടറി അജികൃഷ്ണന്‍ റിമാന്‍ഡില്‍. ഷോളയൂര്‍ വട്ട് ലക്കി ആദിവാസി ഊരിലെ രാമന്‍, മുരുകൻ എന്നിവരുടെ പരാതിയിലാണ് കേസെടുത്തത്. സ്വപ്‌ന സുരേഷിന് ജോലി നല്‍കിയതിലുള്ള പകവീട്ടലാണ് അറസ്റ്റ് എന്നാണ് എച്ച് ആര്‍ ഡി എസിന്റെ ആരോപണം. ഒന്നര വര്‍ഷം മുമ്പ് കൊടുത്ത പരാതിയില്‍ നേരത്തേ കേസെടുത്തിരുന്നതെങ്കിലും മറ്റു നടപടികളിലേക്ക് പോലീസ് കടന്നിരുന്നില്ല. ഈ കേസിലാണ് നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ അറസ്റ്റ് നടപടികളിലേക്ക് അഗളി പോലീസ് എത്തിയിരിക്കുന്നത്.

എച്ച് ആര്‍ ഡി എസിലെ വനിതാ ജീവനക്കാര്‍ക്കെതിരെ ചാനല്‍ ചര്‍ച്ചയില്‍ മോശം പരാമര്‍ശം നടത്തിയ സലോമി എന്ന രാഷ്ട്രീയ പ്രവര്‍ത്തകക്കെതിരെ പരാതി നല്‍കാനായി എത്തിയ അജികൃഷ്ണനെ പോലീസ് പഴയ കേസില്‍ അറസ്റ്റു ചെയ്യുകയായിരുന്നു. ദുബൈയിലായിരുന്ന അജികൃഷ്ണന്‍ തിങ്കളാഴ്ച രാവിലെയാണ് നാട്ടിലെത്തിയത്. എച്ച് ആര്‍ ഡി എസ് ജീവനക്കാര്‍ക്കെതിരായ പരാമര്‍ശത്തില്‍ പരാതി നല്‍കാന്‍ അജികൃഷ്ണന്‍ സ്റ്റേഷനിലെത്തിയിരുന്നു. ഡി വൈ എസ് പിയെ കാണാന്‍ സാധിക്കാതെ ഓഫീസിലേക്ക് മടങ്ങിയ അജികൃഷ്ണനെ ഡി വൈ എസ് പി എത്തിയ വിവരം അറിയിച്ച് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയും തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നുവെന്ന് മകന്‍ നിതിന്‍ പറഞ്ഞു.

Leave a Reply