‘വിക്രം വേദ’ ആവാൻ ഋത്വിക് റോഷനും സെയ്ഫ് അലിഖാനും- റിലീസ് അടുത്ത വർഷം
അഭ്യൂഹങ്ങൾക്കൊടുവിൽ വിക്രം വേദ ഹിന്ദിപതിപ്പിലെ താരങ്ങളെ പ്രഖ്യാപിച്ചു. ഋത്വിക്
റോഷനും സെയ്ഫ് അലിഖാനും ആവും പ്രധാനവേഷങ്ങളിൽ എത്തുന്നത്. അടുത്ത വർഷം സെപ്തംബർ
30ന് ആകും ചിത്രം റിലീസ് ചെയ്യുക. ചിത്രത്തിന്‍റെ ടൈറ്റിൽ ഉൾപ്പടെ ഔദ്യോഗിക പ്രഖ്യാപനം
ഉടൻ ഉണ്ടാവും.
2017ൽ തമിഴിൽ പുറത്തിറങ്ങിയ വിക്രം വേദ സൂപ്പർ ഹിറ്റായിരുന്നു. വിക്രം എന്ന പൊലീസ് ഓഫീസറായി
മാധവനും വേദയെന്ന ഗുണ്ടാത്തലവനായി വിജയ് സേതുപതിയുമാണ് എത്തിയത്. എന്നാൽ ഹിന്ദിപതിപ്പിൽ
ഋത്വിക്കും സെയ്ഫും ഏത് റോളുകളിലാവും എത്തുക എന്നതിൽ വ്യക്തതയില്ല. ഋത്വിക് ആവും വിജയ് സേതുപതിയുടെ
റോളിൽ എന്നാണ് അഭ്യൂഹങ്ങൾ. തമിഴ് ചിത്രം സംവിധാനം ചെയ്ത പുഷ്കറും ഗായത്രിയും ചേർന്നാവും
ബോളിവുഡ് ചിത്രവും സംവിധാനം ചെയ്യുക.
ഋത്വിക് റോഷനും ദീപികാ പദുക്കോണും അഭിനയിക്കുന്ന ഫൈറ്റർ എന്ന ചിത്രവും 2022 സെപ്തംബറിൽ
റിലീസ് ചെയ്യുമെന്ന് തന്നെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന
ചിത്രത്തിന്‍റെ ഷൂട്ടിങ് അടുത്ത ദിവസം തുടങ്ങും. കൃഷ്-4 ആണ് ഋത്വിക്കിന്‍റെ മറ്റൊരു ചിത്രം. ഭൂത്
പോലീസ്, ആദിപുരുഷ്, ബണ്ടി ഓർ ബബ്ലി 2 എന്നിവയാണ് സെയ്ഫ് അലിഖാന്‍റെ പുറത്തിറങ്ങാനിരിക്കുന്ന
ചിത്രങ്ങൾ.