ഇസ്ലാമാബാദ്: പാക്കിസ്ഥാനെ കണ്ണിരിലാഴ്ത്തുന്ന മഹാ പ്രളയത്തിന്‍റെ പുറത്തുവരുന്ന വീഡിയോകൾ ആരെയും നടുക്കുന്നതാണ്. കൂറ്റൻ കെട്ടിടങ്ങളും വമ്പൻ പാലങ്ങളുമെല്ലാം പ്രളയത്തിൽ തകർന്ന് വീഴുന്നതിന്‍റെയടക്കം വീഡിയോകൾ പാക്കിസ്ഥാനിൽ നിന്ന് പുറത്തുവരുന്നുണ്ട്. കുത്തിയൊലിച്ചുവരുന്ന പ്രളയ ജലത്തിൽ പാക്കിസ്ഥാനിലാകെ 7 ലക്ഷത്തോളം വീടുകളാണ് തകർന്നടിഞ്ഞതെന്നാണ് കണക്ക്. നിരവധി പാലങ്ങളും വലിയ ഹോട്ടലുകളും തകർന്നു വീഴുന്നതിന്‍റെ വീഡിയോകൾ ട്വിറ്ററിൽ പുറത്തുവന്നിട്ടുണ്ട്. ഖൈബർ പഖ്‍തുൻഖ്വാ സ്വാത് മേഖലയിലാണ് കനത്ത നാശം റിപ്പോർട്ട് ചെയ്യ്തിരിക്കുന്നത്. ഇവിടെ മാത്രം 24 പാലങ്ങളും 50 ഹോട്ടലുകളും നിലം പൊത്തിയിട്ടുണ്ട്.