Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ അളവില്‍ വന്‍ കുറവ്. ഈ മാസം ആദ്യ ആഴ്ചയില്‍ മഴയുടെ അളവില്‍ 88 ശതമാനമാണ് കുറവുണ്ടായത്. 120 മി മീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് 14 മി മീ. മഴ മാത്രമാണ് പെയ്തത്. ഓഗസ്റ്റ് ഒന്നു മുതല്‍ 09 വരെയുള്ള കണക്കാണിത്.

കാലവര്‍ഷത്തില്‍ ജൂണ്‍ ഒന്നു മുതല്‍ ഇന്നലെ വരെ 42 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇടുക്കിയില്‍ 59, വയനാട്ടില്‍ 54, കോഴിക്കോട് 52 ശതമാനം വീതം മഴയുടെ അളവില്‍ കുറവുണ്ട്.

പസഫിക് സമുദ്രത്തില്‍ രൂപമെടുത്ത താപതരംഗമായ എല്‍നിനോ പ്രതിഭാസമാണ് സംസ്ഥാനത്ത് മണ്‍സൂണ്‍ ദുര്‍ബലമാക്കിയതെന്നാണ് വിലയിരുത്തല്‍. കാലവര്‍ഷക്കാറ്റ് ശക്തിപ്പെടാത്തതും മഴ കുറയാന്‍ ഇടയാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലും മഴ കുറഞ്ഞു നിന്നാല്‍ സ്ഥിതി സങ്കീര്‍ണമാകും.

സംഭരണികളിലേക്കുള്ള നീരൊഴുക്കും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. മഴ വീണ്ടും ശക്തമായില്ലെങ്കില്‍ ജലസംഭരണികള്‍ വറ്റി വരളാന്‍ സാധ്യതയേറി. ഇടുക്കിയില്‍ സംഭരണശേഷിയുടെ 32 ശതമാനം വെള്ളമാണ് അവശേഷിക്കുന്നത്. ഇടമലയാറില്‍ 43 ശതമാനവും മാത്രമാണുള്ളത്.

ഓണത്തിന് മുമ്ബ് സംസ്ഥാനത്ത് നേരിയ മഴയ്‌ക്കേ സാധ്യതയുള്ളൂ എന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴ ലഭിച്ചേക്കും. ഈ മാസം അവസാനമോ സെപ്റ്റംബര്‍ ആദ്യമോ നല്ല മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ പ്രതീക്ഷ.

Leave a Reply