സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി വിദ്യാര്‍ഥികള്‍ക്ക് ഹോമിയോപ്പതി ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ മരുന്ന് വിതരണം ചെയ്യുന്ന പദ്ധതി ‘കരുതലോടെ മുന്നോട്ട്’ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്നു. ബുക്കിങ് ആരംഭിച്ച് മൂന്ന് ദിവസത്തിനകം 846351 പേര് രജിസ്റ്റര്‍ ചെയ്തതായി ഹോമിയോപ്പതി വകുപ്പ് ഡയറക്റ്റര്‍ അറിയിച്ചു. ഹോമിയോപ്പതി വകുപ്പിന്റെ ഡിസ്‌പെന്‍സറികളും തിരഞ്ഞെടുക്കപ്പെട്ട പ്രത്യേക കിയോസ്‌കുകളിലുമായി 507303 കുട്ടികള്‍ക്ക് ഇതിനകം മരുന്ന് വിതരണം ചെയ്തിട്ടുണ്ട്.
രജിസ്റ്റര്‍ ചെയ്തവര്‍ക്കുള്ള ആദ്യഘട്ട മരുന്ന് വിതരണം 1260 സെന്ററുകളിലായി തുടരും. ഇനിയും ബൂസ്റ്റര്‍ മരുന്ന് ആവശ്യമുള്ള വിദ്യാര്‍ഥികള്‍ക്കായി രക്ഷിതാക്കളാണ് ഓണ്‍ലൈനിലൂടെ അപേക്ഷകള്‍ നല്‍കേണ്ടത്. മരുന്ന് കഴിക്കുന്നവര്‍ ഓരോ 21 ദിവസം കൂടുമ്പോഴും അടുത്ത ഡോസ് ഓണ്‍ലൈന്‍ ആയി തന്നെ ബുക്ക് ചെയ്യണമെന്നും വിശദ വിവരങ്ങള്‍ക്കായി 1800 599 2011 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാമെന്നും ഹോമിയോപ്പതി ഡയറക്ടര്‍ ഡോ.എം.എന്‍ വിജയാംബിക അറിയിച്ചു.