
കെന്റക്കി ഉള്‍പ്പെടെയുള്ള യുഎസ് സംസ്ഥാനങ്ങളില്‍ വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച രാവിലെയുമായി വീശിയടിച്ച ചുഴലിക്കാറ്റില്‍ വന്‍ നാശനഷ്ടം. കെന്റക്കിയില്‍ മാത്രം അന്‍പതിലേറെ പേര്‍ മരിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്ന് ഗവര്‍ണര്‍ ആന്‍ഡി ബെഷിയര്‍ പറഞ്ഞു. കെന്റക്കിയിലെ മെഴുകുതിരി ഫാക്ടറിയിലും ഇല്ലിനോയിസിലെ ആമസോണ്‍ സ്ഥാപനത്തിലും അര്‍ക്കന്‍സാസിലെ നഴ്‌സിങ് ഹോമിലുമായി കഴിഞ്ഞ രാത്രിയില്‍ ഏഴു പേരെങ്കിലും മരിച്ചു. ചുഴലിക്കാറ്റ് സമയത്ത് കെന്റക്കി മേയ്ഫീല്‍ഡിലെ ഫാക്ടറിയില്‍ നൂറ്റിപ്പത്തോളം പേര്‍ ഉണ്ടായിരുന്നുവെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഇല്ലിനോയിയ്‌സ് എഡ്വെഡ്‌സ്‌വില്ലെയിലെ ആമസോണ്‍ സ്ഥാപനത്തില്‍ മേല്‍ക്കൂര തകരുകയും ഒരു ഫുട്‌ബോള്‍ മൈതാനത്തിന്റെ നീളമുള്ള ചുമര്‍ ഇടിഞ്ഞുവീഴുകയും ചെയ്തു. സ്ഥാപനത്തിലുണ്ടായിരുന്ന രണ്ടു പേരെ ഹെലികോപ്റ്ററില്‍ സെന്റ് ലൂയിസിലെ ആശുപത്രികളിലേക്കു മാറ്റി. വെള്ളിയാഴ്ച രാത്രി ചുഴലിക്കാറ്റ് ആഞ്ഞടിച്ചതിനെത്തുടര്‍ന്ന് അര്‍ക്കന്‍സാസിലെ മൊണെറ്റ് മാനര്‍ നഴ്‌സിങ് ഹോമില്‍ കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു. 20 പേര്‍ കെട്ടിടത്തില്‍ കുടുങ്ങിപ്പോയി. ഇവരില്‍ അഞ്ചു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.