Spread the love

ഷഹീൻ ചുഴലിക്കാറ്റ് ഒമാനിൽ ശക്തിപ്രാപിക്കുന്നു ;മുന്നറിയിപ്പുമായി അധികൃതർ.

മസ്‌കത്ത് : വടക്കു കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ശക്തിപ്രാപിച്ചു കാറ്റഗറി ഒന്ന് വിഭാഗത്തിലുള്ള ചുഴലിക്കാറ്റായി ഒമാൻ തീരത്തേക്ക് അടുക്കുന്നു. ഷഹീൻ ചുഴലിക്കാറ്റിന്റെ പ്രഭവകേന്ദ്രം മസ്‌കത്തില്‍ നിന്ന് 650 കിലോ മീറ്റർ അകലെയാണ്. ഞായറാഴ്ച രാത്രി ചുഴലിക്കാറ്റ് ഒമാന്‍ തീരം തൊടും. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഞായറാഴ്ച മുതല്‍ മഴയുണ്ടാകും.
മണിക്കൂറില്‍ 34- 63 നോട്ട് വേഗതയിലാണ് ഒമാന്‍ കടലിന്റെ തീരപ്രദേശങ്ങളിലേക്ക് ഷഹീന്‍ ചുഴലിക്കാറ്റ് നീങ്ങുന്നത്. ഞായറാഴ്ച രാവിലെ മുതലാണ് കനത്ത മഴ പ്രതീക്ഷിക്കുന്നത്. മസ്‌കത്ത് മുതല്‍ നോര്‍ത്ത് ബാതിന വരെയുള്ള ഗവര്‍ണറേറ്റുകളുടെ തീരപ്രദേശങ്ങളെ നേരിട്ട് ചുഴലിക്കാറ്റ് ബാധിക്കും.
ഞായറാഴ്ച മുതല്‍ ശക്തമായ കാറ്റ്, മഴ, പെട്ടെന്നുള്ള വെള്ളപ്പൊക്കം അടക്കമുള്ളവയാണ് ഉണ്ടാകുക. 150 മുതല്‍ 600 വരെ മി.മി മഴയാണ് പ്രതീക്ഷിക്കുന്നത്. സൗത്ത് അല്‍ ശര്‍ഖിയ്യ മുതല്‍ മുസന്ദം വരെയുള്ള ഗവര്‍ണറേറ്റുകളില്‍ കടല്‍ പ്രക്ഷുബ്ധമാകും. ശനിയാഴ്ച വൈകിട്ട് മുതല്‍ പ്രക്ഷുബ്ധമാകുന്ന കടലില്‍ എട്ടു മുതല്‍ 12 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
വാദികൾ കടന്നുള്ള അപകടസാധ്യത ഒഴിവാക്കാനും കടലിൽ പോകരുതെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി പൊതു ജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്. മത്സ്യ ബന്ധന തൊഴിലാളികളോടും കന്നുകാലി, തേനീച്ച വളർത്തൽ എന്നീ കൃഷിയിൽ ഏർപ്പെട്ടവരോടും ആവശ്യമായ മുൻകരുതലുകൾ എടുക്കാൻ ഒമാൻ കൃഷി മൽസ്യ ജലവിഭവ മന്ത്രാലയം ആവശ്യപ്പെട്ടു.

Leave a Reply