Spread the love

കൊല്ലം∙ ഭാര്യയെ ശല്യപ്പെടുത്തിയതിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് ബന്ധു പെട്രോൾ ഒഴിച്ചു കത്തിച്ച യുവാവ് മരിച്ചു. കൊല്ലം ചടയമംഗലം പോരേടത്താണ് സംഭവം. ചടയമംഗലം ഇടയ്ക്കോട് പാറവിളവീട്ടിൽ കലേഷ് (25) ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ കലേഷ് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ടു ബന്ധു ഇടയ്ക്കോട് പാറവിളവീട്ടിൽ സനലിനെ (29) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സനലിന്റെ ഭാര്യയെ ശല്യപ്പെടുത്തിയതിലെ വിരോധമാണ് കൊലയ്ക്കു കാരണമെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിനു പിന്നാലെ സനൽ ചടയമംഗലം പൊലീസ് സ്റ്റേഷനിലത്തി കീഴടങ്ങുകയായിരുന്നു. കലേഷ് ഭാര്യയെ നിരന്തരം ശല്യം ചെയ്തിരുന്നെന്നും അതുകൊണ്ടാണ് കൊല്ലാൻ ശ്രമിച്ചതെന്നും സനൽ പൊലീസിനു മൊഴി നൽകി.

ബുധനാഴ്ച വൈകിട്ട് 3 ന് പോരേടം ഭാഗത്തായിരുന്നു സംഭവം. കലേഷ് വർക്ക്ഷോപ് തൊഴിലാളിയാണ്. ഭാര്യയെ ശല്യം ചെയ്തുവെന്ന ആരോപണത്തിനു പിന്നാലെ പട്ടാപ്പകല്‍ പരസ്യമായി നാട്ടുകാര്‍ക്കു മുന്നില്‍ വച്ചാണ് സനൽ കലേഷിനെ പെട്രോളൊഴിച്ച് തീ കൊളുത്തിയത്. പെട്രോളുമായി എത്തിയ സനൽ, ഇതു കലേഷിന്റെ പുറത്തു ഒഴിച്ചു. പുറത്തേക്ക് ഇറങ്ങി ഓടിയ കലേഷിന്റെ പുറത്തേക്ക് തീ കത്തിച്ചു എറിയുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. 80 ശതമാനം പൊള്ളലേറ്റ കലേഷിന്റെ നില അതീവ ഗുരുതരമായിരുന്നു.

Leave a Reply