തിരുവനന്തപുരം∙ കെഎസ്‌യു നേതാവായിരുന്ന കാലത്ത് എസ്എഫ്ഐയുടെ ക്രൂരമായ പീഡനത്തിന് ഇരയായ ജീവിക്കുന്ന രക്തസാക്ഷിയാണ് താനെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. യൂണിവേഴ്സിറ്റി കോളജിൽ പഠിക്കുമ്പോൾ കോളജിന്റെ രണ്ടാം നിലയിൽ നിന്ന് എസ്എഫ്ഐക്കാർ വലിച്ചെറിഞ്ഞതിനെ തുടർന്ന് നട്ടെല്ലിനും സുഷുമ്നാകാണ്ഡത്തിനും ഗുരുതരമായ ക്ഷതമേറ്റുവെന്നും അദ്ദേഹം പറഞ്ഞു.
കുടുംബജീവിതം പോലും ഉപേക്ഷിക്കേണ്ടി വന്നത് ആ അപകടത്തെ തുടർന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങൾ മൂലമാണെന്നും ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ അദ്ദേഹം വക്തമാക്കി. പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്. സിദ്ധാർഥിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ചെറിയാൻ ഫിലിപ്പിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്.
എഴുപതുകളിൽ കെഎസ്‌യു നേതാവായിരുന്നപ്പോൾ എസ്എഫ്ഐയുടെ ക്രൂരമായ പീഡനത്തിന് നിരന്തരം ഇരയായ ഒരു ജീവിക്കുന്ന രക്തസാക്ഷിയാണ് ഞാൻ. യൂണിവേഴ്സിറ്റി കോളജിൽ പഠിക്കുമ്പോഴാണ് കോളജിന്റെ രണ്ടാം നിലയിൽ നിന്നും എസ്എഫ്ഐക്കാർ എന്നെ താഴേക്കു വലിച്ചെറിഞ്ഞത്.
നട്ടെല്ലിനും സുഷുമ്നാകാണ്ഡത്തിനും ഗുരുതരമായ ക്ഷതമുണ്ടായതിനെ തുടർന്ന് അരയ്ക്കു താഴെ നാഡീ വ്യവസ്ഥയ്ക്കും കാലുകളിലെ പേശീവ്യൂഹത്തിനും ക്രമേണ ബലക്ഷയമുണ്ടായി. അതുകൊണ്ടാണ് കുടുംബ ജീവിതം ഒഴിവാക്കേണ്ടി വന്നത്. വർഷങ്ങളിലെ തുടർച്ചയായ അലോപ്പതി, ആയുർവേദ, അക്യൂപംക്ചർ ചികിത്സ കൊണ്ടാണ് ഇത്രയും നാൾ ജീവിച്ചത്.
വർഷങ്ങളായി വേഗത്തിൽ നടക്കാനോ ചവിട്ടുപടികൾ കയറാനോ പ്രയാസമാണ്. ശാരീരിക അവശതകളുടെ കടുത്ത വേദന പേറുമ്പോഴും മനഃശക്തി കൊണ്ടാണ് പൊതുജീവിതത്തിൽ ഇപ്പോഴും നിലനിൽക്കുന്നത്. എന്നെ പീഡിപ്പിച്ച പലരും ഇന്നും ജീവിച്ചിരിപ്പുണ്ടെങ്കിലും അവരോട് ഒരിക്കലും പകയോ വിദ്വേഷമോ മനസ്സിൽ ഇല്ല. എന്നോട് ക്ഷമ ചോദിച്ച പലരും ഇന്ന് എന്റെ ഉറ്റ സുഹൃത്തുക്കളാണ്.
സിദ്ധാർത്ഥിന്റെ ജീവിതം അപഹരിച്ച ക്രൂരത കണ്ടപ്പോൾ എസ്എഫ്ഐയുടെ പഴയ കിരാത വാഴ്ച ഓർമ്മിച്ചെന്നു മാത്രം.