Spread the love

പൊതുയിടങ്ങളിൽ നിന്ന് മാറിനിൽക്കുന്നതിൽ വിശദീകരണവുമായി നടി നസ്റിയ നസീം. ഏതാനും മാസങ്ങളായി വൈകാരികമായ നിമിഷങ്ങളിലൂടെയാണ് താൻ കടന്നുപോകുന്നതെന്നും വ്യക്തിപരമായ ചില പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും നസ്റിയ പറയുന്നു. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച കുറിപ്പിലാണ് നസ്റിയ ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

ഏറെ നാളത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ബേസിൽ ജോസഫിനൊപ്പം സൂക്ഷ്മദർശിനി എന്ന ചിത്രത്തിൽ നസ്റിയ അഭിനയിച്ചത്. തിരിച്ചുവരവ് ​ഗംഭീരമാക്കിയ താരത്തിന്റെ വിശേഷങ്ങൾ സോഷ്യൽമീഡിയയിൽ ഏറെ ശ്രദ്ധേയമായിരുന്നു. പൊതുവേദികളിലെ നസ്റിയയുടെ സാന്നിധ്യവും അഭിമുഖങ്ങളും വൈറലായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി നസ്റിയ പൊതുയിടങ്ങളിൽ നിന്ന് വിട്ടുനിന്നത്. ഇതിന് പിന്നാലെ സഹപ്രവർത്തകരും സുഹൃത്തുക്കളും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നസ്റിയ പ്രതികരിച്ചിരുന്നില്ല. പിന്നാലെയാണ് താരത്തിന്റെ കുറിപ്പ്.

“കഴിഞ്ഞ കുറച്ച് മാസങ്ങളായി ‌ഞാൻ എല്ലായിടത്ത് നിന്നും മാറി നിൽക്കുന്നതിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കാനാണ് ഈ കുറിപ്പ്. ഞാൻ വൈകാരികവും വ്യക്തിപരവുമായ വെല്ലുവിളികളോട് മല്ലിടുകയായിരുന്നു. 30-ാം പിറന്നാൾ ആഘോഷം, പുതുവർഷാഘോഷം, സൂക്ഷ്മദർശിനിയുടെ വിജയാഘോഷം തുടങ്ങിയ പ്രധാനപ്പെട്ട നിമിഷങ്ങൾ എനിക്ക് ആഘോഷിക്കാനായില്ല. എനിക്ക് എന്താണ് സംഭവിച്ചതെന്ന് പറയാതിരുന്നതിനും ആരുടെയും കോളിനും മെസേജുകൾക്കും മറുപടി നൽകാതാരുന്നതിനും എല്ലാവരോടും ക്ഷമ ചോദിക്കുന്നു

ഞാൻ കാരണം മറ്റുള്ളവർക്ക് നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകൾക്ക് ക്ഷമ ചോദിക്കുന്നു. ജോലി സംബന്ധമായ ആവശ്യങ്ങൾക്ക് എന്നെ ബന്ധപ്പെടാൻ ശ്രമിച്ച സഹപ്രവർത്തകരോടും ക്ഷമ ചോദിക്കുന്നു. ഇത് അതീവ ദുർഘടം പിടിച്ച യാത്രയാണ്. പക്ഷേ, ഇതൊല്ലാം അതിജീവിച്ചുവരികയാണ്. ഓരോ ദിവസവും നല്ല മാറ്റമാണുണ്ടാകുന്നത്. എന്നെ മനസിലാക്കുകയും കൂടെ നില്‍ക്കുകയും ചെയ്യുന്നവരോട് നന്ദിയറിയിക്കുന്നു. പൂര്‍ണമായും എനിക്ക് തിരിച്ചുവരാന്‍ കുറച്ചുസമയം വേണ്ടിവന്നേക്കാം. എല്ലാവരുടെയും പിന്തുണയ്‌ക്ക് നന്ദി”- നസ്റിയ പോസ്റ്റിൽ പറയുന്നു.

Leave a Reply