Spread the love

തമിഴ് സിനിമയില്‍ ഈ വര്‍ഷം ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രമാണ് കൂലി. ചെയ്തതെല്ലാം വിജയമാക്കിയ സംവിധായകര്‍ ലോകേഷ് കനകരാജിനൊപ്പം രജനികാന്ത് ആദ്യമായി എത്തുന്നു എന്നതായിരുന്നു ചിത്രത്തിന്‍റെ പ്രധാന യുഎസ്‍പി. ഒപ്പം ജയിലര്‍ മാതൃകയില്‍ രജനിക്കൊപ്പം വ്യത്യസ്ത ഇന്‍ഡസ്ട്രികളില്‍ നിന്ന് ഒരു കൂട്ടം താരങ്ങളും. സണ്‍ പിക്ചേഴ്സിന്‍റെ പ്രൊഡക്ഷനും. തമിഴ് സിനിമ ബോക്സ് ഓഫീസില്‍ 1000 കോടി ക്ലബ്ബ് ഓപണ്‍ ചെയ്തേക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ട ചിത്രം കൂടിയായിരുന്നു. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് നിലവിൽ ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ നായികയായ ശ്രുതി ഹാസനെ സെക്യൂരിറ്റി ഗേറ്റിൽ തടഞ്ഞ സംഭവമാണ് വർത്തയാകുന്നത്.

റിലീസ് ദിവസം സുഹൃത്തുക്കൾക്കൊപ്പം പടം കാണാൻ തിയറ്ററിലെത്തിയ നടിയെ ആളറിയാതെ സെക്യൂരിറ്റി ജീവനക്കാരൻ തടഞ്ഞുവയ്ക്കുകയായിരുന്നു. പക്ഷെ സംയമനത്തോടെ വളരെ’രസകരമായാണ് ശ്രുതി ഇതിനോട് പ്രതികരിച്ചത്.‘‘ഞാൻ ഈ സിനിമയിലുണ്ട്, ദയവായി എന്നെ കടത്തി വിടൂ അണ്ണാ, ഞാൻ ഈ പടത്തിലെ നായികയാണ്’’ എന്നാണ് ശ്രുതി സെക്യൂരിറ്റിയോട് പ്രതികരിച്ചത്. താരത്തിന്റെ അപേക്ഷ കേട്ട് പൊട്ടിച്ചിരിക്കുന്ന സുഹൃത്തുക്കളേയും വീഡിയോയിൽ കാണാം. വീഡിയോ ഇപ്പോൾ വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ വൈറലാണ്.

Leave a Reply