തനിക്കെതിരെ മോശം കമന്റ് പറഞ്ഞതിനെ തുടർന്ന് പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ നടി ഹണി റോസ് നൽകിയ കേസും തുടർന്ന് നടന്ന നിയമനടപടികളും തനിക്കെതിരെ അതിരുവിട്ട പരാമർശം നടക്കുന്നവർക്കെതിരെ താരം പ്രഖ്യാപിച്ച തുറന്ന നിയമ യുദ്ധവുമെല്ലാം ഇക്കഴിഞ്ഞ
ദിവസങ്ങളിൽ മലയാളികൾ കാര്യമായി ചർച്ച ചെയ്ത കാര്യങ്ങളാണ്. നടിയുടെ പരാതിയിൽ കസ്റ്റഡിയിൽ എടുത്ത് റിമാൻഡ് ചെയ്യപ്പെടുകയും പിന്നീട് ജാമ്യം നൽകിയിട്ടും പുറത്തിറങ്ങാൻ വിസമ്മതിച്ച ബോചെയെ കോടതി ശകാരിച്ചതുമെല്ലാം വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ കൊച്ചിയിൽ നടന്ന ഒരു ഉദ്ഘാടനവേദിയിൽ ബോചെ പ്രതികരിച്ചതാണ് വീണ്ടും ചർച്ചയായിരിക്കുന്നത്.
താൻ അറിഞ്ഞുകൊണ്ട് ആർക്കും ഒരു ഉപദ്രവവും ചെയ്തിട്ടില്ലെന്നും ആരെയും സങ്കടപ്പെടുത്താനോ ഉപദ്രവിക്കാനോ പോയിട്ടില്ല, ആരോടും വൈരാഗ്യമോ ദേഷ്യമോ ഒന്നും തന്നെയില്ല എന്നുമാണ് ബോചെ പറഞ്ഞത്.
“ഞാൻ കുറച്ചുനാൾ ജയിലിലായിരുന്നു. എന്താണ് കേസ്, എന്താണ് പ്രശ്നം എന്നൊക്കെ പലരും എന്നോട് ചോദിക്കാറുണ്ട്. പക്ഷേ, കോടതിയിൽ നിൽക്കുന്ന കേസായതിനാൽ അതിനെ കുറിച്ച് ഒന്നും പറയാൻ എനിക്ക് സാധിക്കില്ല. നീതിന്യായ വ്യവസ്ഥയിൽ ഞാൻ വിശ്വസിക്കുന്നു. കോടതിയെ അങ്ങേയറ്റം ബഹുമാനിക്കുന്നു. അതുകൊണ്ട് പ്രത്യേകിച്ച് അതിനെ കുറിച്ച് അഭിപ്രായം പറയാൻ ആഗ്രഹിക്കുന്നില്ല”.
” എന്നെ കൊണ്ട് കഴിയാവുന്ന സഹായമെല്ലാം ഞാൻ ചെയ്തിട്ടുണ്ട്. ആരോടും വൈരാഗ്യമോ ദേഷ്യമോ ഒന്നും തന്നെയില്ല. സ്നേഹം കൊണ്ട് ലോകം കീഴടക്കുക എന്ന സന്ദേശവുമായാണ് ഞാൻ മുന്നോട്ടുപോകുന്നത്. മാർക്കറ്റിംഗ് ചെയ്യാൻ വേണ്ടിയൊക്കെ പലതും പറയാറുണ്ട്. അല്ലാതെ മനപൂർവം ആരെയും ബുദ്ധിമുട്ടിക്കാനായി ഒന്നും പറയാറില്ല. എന്റെ വാക്കുകൾ കാെണ്ട് ആർക്കെങ്കിലും വിഷമമുണ്ടായിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു”- എന്നായിരുന്നു ബോചെയുടെ വാക്കുകൾ.