Spread the love

കാന്താരയുടെ ചിത്രീകരണ സമയത്ത് താൻ മരണത്തെ മുഖാമുഖം കണ്ടുവെന്ന് വെളിപ്പെടുത്തി കാന്താര സംവിധായകൻ ഋഷഭ് ഷെട്ടി. ദൈവത്തിന്റെ അനുഗ്രഹമാണ് തന്നെ രക്ഷിച്ചതെന്നും സിനിമയുടെ ഭാഗമായ ഓരോ ആളുകളും കാന്താരയെ അവരുടെ സ്വന്തം സിനിമ പോലെയാണ് കണ്ടതെന്നും ഋഷഭ് ഷെട്ടി പറഞ്ഞു. അതേസമയം ഇന്നലെയാണ് കാന്താരയുടെ ട്രെയിലർ പുറത്തിറങ്ങിയത്. പ്രതീക്ഷിച്ചതു പോലെ തന്നെ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്ന പ്രേക്ഷകരിൽ ആകാംക്ഷ ഉണർത്തുന്ന ട്രെയിലർ തന്നെയാണ് ഹോംബാലെ ഫിലിംസ് സമ്മാനിച്ചത്. ഇതുവരെ കാണാത്ത ഒരു ത്രില്ലിംഗ് അവതാരത്തിൽ ഋഷഭ് ഷെട്ടിയെ അവതരിപ്പിച്ചിരിക്കുന്നു. തെന്നിന്ത്യൻ താരസുന്ദരി രുക്മണി വസന്തും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

“ഞാൻ നല്ല പോലെ ഉറങ്ങിയിട്ട് മൂന്ന് മാസമായി. ഈ സമയങ്ങളിലെല്ലാം ഞങ്ങൾ നിർത്താതെ ജോലി ചെയ്യുകയാണ്. ഡയറക്ഷൻ ടീമും, ക്യാമറ ടീമുമെല്ലാം 38 മുതൽ 48 മണിക്കൂർ വരെയാണ് തുടർച്ചയായി ജോലി ചെയ്തത്. ആരും ഇതിനെ എന്റെ സിനിമയായി മാത്രമല്ല കണ്ടത്. നിർമ്മാതാക്കളും സെറ്റിൽ ചായ കൊണ്ട് വരുന്ന ആളുകൾ പോലും ഇത് അവരവരുടെ സിനിമയായിട്ടാണ് കണ്ടത്. കാന്താരയുടെ ഷൂട്ടിംഗ് ആരംഭിച്ചതിന് ശേഷം 4-5 തവണ ഞാൻ മരണത്തെ മുഖാമുഖം കണ്ടു, പക്ഷെ ദൈവത്തിന്റെ അനുഗ്രഹം എന്നെ രക്ഷിച്ച് ഇന്ന് നിങ്ങളുടെ മുന്നിൽ കൊണ്ട് നിർത്തിയിരിക്കുന്നു.” ഇന്നലെ നടന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിനിടെയായിരുന്നു ഋഷഭ് ഷെട്ടിയുടെ പ്രതികരണം.

Leave a Reply