അന്തരിച്ച സീരിയൽ സംവിധായകൻ ആദിത്യനെ കുറിച്ച് ഭാര്യ രോണു നടത്തിയ വെളിപ്പെടുത്തലുകൾ വലിയ ചർച്ചയായിരുന്നു. സീരിയൽ നടിയും ബിഗ്‌ബോസ് താരവുമായ സുചിത്രയുമായുള്ള ഭർത്താവിന്റെ സൗഹൃദമാണ് തങ്ങൾക്കിടയിലുണ്ടായ എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്നും ഇത് കാരണം ഷൂട്ടിംഗ് സെറ്റിൽ വരെ എനിക്ക് പോകേണ്ടി വന്നിട്ടുണ്ടായിരുന്നുവെന്നുമാണ് അന്ന് രോണു പറഞ്ഞത്. ഇപ്പോഴിതാ സംവിധായകൻ ആദിത്യനെ കുറിച്ച് മറ്റൊരു തുറന്നു പറച്ചിൽ നടത്തുകയാണ് വാനമ്പാടി സീരിയലിൽ ഒരു പ്രധാന കഥാപാത്രത്തെ കൈകാര്യം ചെയ്ത പ്രിയ മേനോൻ. തനിക്കും ആദിത്യനുമിടയിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും മരിച്ചുപോയെന്നുകരുതി അയാളെക്കുറിച്ച് നല്ലത് പറയാൻ തനിക്ക് പറ്റുന്നില്ല എന്നുമാണ് നടി പറഞ്ഞത്.
‘മരിച്ചുപോയെന്നുകരുതി അയാളെക്കുറിച്ച് എനിക്ക് നല്ലത് പറയാൻ പറ്റുന്നില്ല. ഒരു ടെക്നീഷ്യൻ എന്ന നിലയിൽ വളരെ നല്ലയാളാണ്. ഉറക്കമില്ല, എല്ലാവരെക്കാളും നേരത്തെ വന്ന് സ്‌റ്റോറി എഴുതുന്നുണ്ടാകും. വർക്കിൽ പെർഫെക്ടാണ്. പക്ഷേ ഒരു മനുഷ്യനെന്ന നിലയിൽ ഞാൻ ബഹുമാനിക്കില്ല. അത്രമാത്രം ട്രോമയിലൂടെ കടന്നുപോയി. എന്നെ സെറ്റിൽ ഒറ്റപ്പെടുത്തിയിട്ടുണ്ട്. ആരുമായും മിണ്ടാൻ പാടില്ല. കുറേക്കാര്യങ്ങൾ നടന്നിട്ടുണ്ട്- പ്രിയ മേനോൻ പറയുന്നു.
ഒരു നോ പറഞ്ഞതുകൊണ്ടാണ് അത്രയും അനുഭവിച്ചത്. നോ പറഞ്ഞുകഴിഞ്ഞാൽ ആര് സപ്പോർട്ട് ചെയ്യും? ഒരാളും കാണില്ല. എല്ലാവരും ഒറ്റക്കെട്ടായി നിന്നാൽ അവിടെയൊരു മാറ്റം വരും. ഒരു പെണ്ണിനെ പെണ്ണ് തന്നെ സഹായിക്കണം. ഒരു പെണ്ണിനെ ഏറ്റവും ദ്രോഹിക്കുന്നത് മറ്റൊരു സ്ത്രീയാണ്.ആ സ്ത്രീ ആരാണെന്ന് ആ സീരിയലിന്റെ ലൊക്കേഷനിലുണ്ടായിരുന്ന കുട്ടികൾ വരെ പറഞ്ഞുതരും. പക്ഷേ എല്ലാത്തിന്റെയും പിന്നിൽ ഈയൊരാളായിരുന്നു. പക്ഷേ ക്യാപ്റ്റൻ ഓഫ് ദ ഷിപ്പ് നന്നായാൽ ഒരു പ്രശ്നവുമുണ്ടാകില്ല. ശരിക്കും കുറേ ഫേസ് ചെയ്തു. ആ സീരിയലിൽ നിന്ന് ഇറങ്ങിക്കോളാൻ പറഞ്ഞ് വീട്ടിൽ ഫുൾ സപ്പോർട്ടായിരുന്നു. ഇതുകൊണ്ടല്ല ഞാൻ ജീവിക്കുന്നത്. പക്ഷേ ഒരാൾ കാരണം തോറ്റ് ഓടാൻ പറ്റുമോ- പ്രിയ മേനോൻ പറയുന്നു.








