അമ്മ സംഘടന ചെയ്യുന്ന നല്ല കാര്യങ്ങൾ ആരും പറയുന്നില്ലെന്നും എന്നാൽ എന്തെങ്കിലും തെറ്റ് കണ്ടാൽ ഉടനേ എല്ലാവരുംകൂടി ഏറ്റുപിടിക്കുമെന്നും നടൻ ധർമജൻ. സംഘടനാ തെരെഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയപ്പോൾ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോഹൻലാലും ഇന്നസെന്റും അമ്മയെ നന്നായി മുന്നോട്ടുകൊണ്ടുപോയെന്ന് ചൂണ്ടിക്കാണിച്ച ധർമജൻ വനിതാ നേതൃത്വം വരുന്നത് നല്ലതല്ലേഎന്നും ചോദിച്ചു. എത്രയോ പേർക്ക് സംഘടനയുടെ നേതൃത്വത്തിൽ വീടുവെച്ചുകൊടുത്തുവെന്നും ചികിത്സാ സഹായവും മരുന്നും കൊടുത്തുവെന്നും പരാമർശിച്ച നടൻ വിവാദങ്ങളൊക്കെ ഒരു വഴിക്ക് നടക്കുമെന്നും പറഞ്ഞു.
“എനിക്ക് രണ്ട് ഗുളിക കഴിക്കാനുണ്ട്. അത് കൃത്യമായി വീട്ടിലെത്തുന്നുണ്ട്. അത് അമ്മ സംഘടന കാരണമാണ്. സംഘടന ചെയ്യുന്ന നല്ല കാര്യങ്ങൾ ആരും പറയുന്നില്ല. എന്തെങ്കിലും തെറ്റ് കണ്ടാൽ ഉടനേ എല്ലാവരുംകൂടി ഏറ്റുപിടിക്കും. മെമ്മറി കാർഡ് പ്രശ്നമൊന്നും ഇപ്പോൾ വിലപ്പോവില്ല. അമ്മ എന്നത് നല്ലൊരു പ്രസ്ഥാനമായി ഇതിനുള്ളിലുള്ളവർ കണ്ടാൽ തീരാവുന്ന പ്രശ്നമേയുള്ളൂ. അതിന്റെ ഉള്ളിൽ വേറെ ഗ്രൂപ്പ് ഉണ്ടാക്കുക, ഗ്രൂപ്പ് ഉണ്ടാക്കിയിട്ട് വാട്ട്സാപ്പ് ഉണ്ടാക്കുക അതിലൊന്നും എനിക്ക് യോജിപ്പില്ല.” ധർമജൻ പറഞ്ഞു.
അതേസമയം ശ്വേതാ വിഷയത്തിലും ധർമജൻ പ്രതികരിച്ചു. ശ്വേത സെക്സ് നടിയല്ല. പ്രമേയം ആവശ്യപ്പെടുന്നത് അവർ ചെയ്യുന്നുവെന്നും ധർമജൻ കൂട്ടിച്ചേർത്തു.







