തെറികളുടെ പേരിൽ മലയാളികൾ ഏറെക്കാലം വിവാദമാക്കിയ ചിത്രമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി. ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ ഒന്ന് കൈകാര്യം ചെയ്ത നടൻ ജോജു ജോർജ് ഈയടുത്ത് നൽകിയ ഒരു ഇന്റർവ്യൂവിൽ ചിത്രത്തിലെ തെറികളെ കുറിച്ച് ഒരു പരാമർശം നടത്തിയിരുന്നു.
ചുരുളിയുടെ തെറിവിളികൾ ഇല്ലാത്ത ഒരു പതിപ്പും അണിയറ പ്രവർത്തകർ ഷൂട്ട് ചെയ്തിരുന്നു എന്നും ഈ പതിപ്പാണ് തിയേറ്ററുകളിൽ റിലീസ് ചെയ്യുക എന്നുമാണ് തന്നെ വിശ്വസിപ്പിച്ചതെന്നും തെറി വിളി അടങ്ങിയ പതിപ്പ് ചലച്ചിത്രമേളകൾക്ക് മാത്രമാണ് അയക്കുക എന്നും ധരിപ്പിച്ചുവെന്നും ജോജു പറയുന്നു. എന്നാൽ ഇതിന് വിപരീതമായി തെറി അടങ്ങിയ പതിപ്പ് ഓടിടി റിലീസ് ആയതോടെ തനിക്ക് സ്വന്തം നാട്ടിൽ വരെ വലിയ ബുദ്ധിമുട്ടും വൈകാതെ കേസും നേരിടേണ്ടി വന്നുവെന്നും ചുരുളിയിൽ അഭിനയിച്ചതിന് തനിക്ക് പ്രതിഫലം ഒന്നും തന്നെ ലഭിച്ചില്ലെന്നും ജോജു തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴത്തെ ജോജുവിന്റെ ഗുരുതര ആരോപണങ്ങളിൽ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ് ചുരുളിയുടെ സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരി.
ലിജോയുടെ പോസ്റ്റിന്റെ പൂർണ രൂപം:
‘പ്രിയപ്പെട്ട ജോജുവിന്റെ ശ്രദ്ധയ്ക്ക്,
സുഹൃത്തുക്കളായ നിര്മാതാക്കൾക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം. എ സർട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളിൽ ഇതുവരെ റിലീസ് ചെയ്തിട്ടില്ല. കമ്മിറ്റിയെ വെച്ചന്വേഷിച്ച, ഭാഷയെകുറിച്ചുള്ള ഹൈ കോടതി വിധിയുണ്ട്. സിനിമ ചിത്രീകരണ വേളയിൽ ഞങ്ങളാരും ജോജുവിനെ തെറ്റിദ്ധരിപ്പിച്ചതായി ഓർമയില്ല. ഈ ഭാഷയെ കുറിച്ചൊക്കെ നല്ല ധാരണയുള്ളയാളാണ് തങ്കൻ ചേട്ടൻ എന്ന കഥാപാത്രം.
Nb : ഒരവസരമുണ്ടായാൽ ഉറപ്പായും സിനിമ തീയേറ്ററുകളിൽ റിലീസ് ചെയ്യും .ജോജുവിന് കൊടുത്ത ശമ്പള വിവരം ചുവടെ ചേർക്കുന്നു.








