തനിക്കെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന മോശം കമന്റുകൾക്കും അസഭ്യ പരാമർശങ്ങൾക്കും എതിരെ നിയമപരമായി നീങ്ങുമെന്ന് നടി ഹണി റോസ് ഇന്ന് വ്യക്തമാക്കിയിരുന്നു. സ്ത്രീകൾക്കെത്രരായ ഇത്തരം സൈബർ ആക്രമണങ്ങൾക്കെതിരെ പരസ്യമായി രംഗത്തെത്തിയ നടിക്ക് പിന്തുണയുമായി താര സംഘടനയായ അമ്മയും മറ്റു സഹതാരങ്ങളും രംഗത്തെത്തിയിരുന്നു. പിന്നാലെ നടിയുടെ പരാതിയിൽ നടപടി കർശനമാക്കിയ പോലീസ് അറസ്റ്റ് അടക്കമുള്ള കടുത്ത നടപടികളിലേക്കും കടന്നിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ ആളുകൾക്ക് കൂടുതൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.
എല്ലാ സീമകളും ലംഘിച്ചുള്ള അപവാദപ്രവചനങ്ങൾ ഇനി അനുവദിക്കാനാവില്ലെന്നും എല്ലാ സ്ത്രീകൾക്കുമായാണ് ഈ നിയമ യുദ്ധം പ്രഖ്യാപിക്കുന്നതെന്ന് പറഞ്ഞത് അതിന്‍റെ പൂർണ്ണ ഉത്തരവാദിത്തോടെയാണെന്നും പറഞ്ഞു തുടങ്ങിയ നടി ഒരാളെപ്പോലും വേദനിപ്പിക്കാത്ത വ്യക്തിയാണ് താനെന്നും എന്നാൽ ഒരിക്കലും നേരിടാത്ത തരം അപമാനങ്ങൾ തനിക്ക് ഇക്കാലയളവിൽ സഹിക്കേണ്ടി വന്നുവെന്നും വ്യക്തമാക്കി.
ആർക്കുവേണമെങ്കിലും തന്റെ വസ്ത്രത്തെയും രീതിയേയും ഉറപ്പായും വിമർശിക്കാം എന്നും പക്ഷേ അതിനൊരു സഭ്യമായ ഭാഷയുണ്ട്. എന്നാൽ നിലവിൽ താൻ നേരിടുന്നത് ‘സോഷ്യൽ അബ്യൂസ്’ ആണെന്നും പലരും അങ്ങേയറ്റം മോശവും ഹീനവുമായ വാക്കുകളാണ് തനിക്കെതിരെ പ്രയോഗിക്കുന്നതെന്നും ഹണി പറയുന്നു. കഴിഞ്ഞ മൂന്ന് വർഷമായി താനും തന്റെ മാതാപിതാക്കൾ, ബന്ധുക്കൾ, എന്നെ ചുറ്റിപ്പറ്റി ജീവിക്കുന്നവർ, എന്നെ സ്നേഹിക്കുന്നവർ തുടങ്ങിയവരെല്ലാം ദിവസവുംഇത് കേട്ടുകൊണ്ടിരിക്കുകയാണെന്നും താരം പറഞ്ഞു.
അതേസമയം വിമർശനങ്ങൾ സഭ്യതയും കടന്നപ്പോൾ പല ചിന്തകളാണ് വന്നതെന്നും പിന്നീട് കുടുംബമായി ഇരുന്ന് ആലോചിച്ചു. വിദഗ്ദാഭിപ്രായങ്ങൾ തേടി. മുഖ്യമന്ത്രിയെയോ അല്ലെങ്കിൽ പ്രധാനമന്ത്രിയെയോ കണ്ടു പരാതി നൽകാം എന്നുവരെ ആലോചിച്ചിരുന്നു. എന്നിട്ടും ഒന്നിലേയ്ക്കും ഇതുവരെ പോകാതിരുന്നത് വാർത്തയിൽ നിറയാൻ താല്പര്യമില്ലാത്തതുകൊണ്ടും ഇതൊരു പ്രശ്നമാക്കേണ്ടെന്നും കരുതിയാണ്.
ഇതിൽ കൂടുതൽ സഹിക്കാൻ വയ്യ, പരമാവധിയായിക്കഴിഞ്ഞു. കാരണം ഇതൊരു സാമൂഹിക പ്രശ്നമാണ്. എൻ്റെ മാത്രം പ്രശ്നമായി കാണുന്നില്ല. ഇതിൽ ഏറ്റവും ബാധിച്ച വ്യക്തി ഞാനാണെങ്കിൽ കൂടി. സമൂഹമാധ്യമങ്ങൾ സജീവമായവരോ അല്ലാത്തവരോ ആയ സ്ത്രീകൾ ഇതിൽ ബാധിക്കപ്പെടുന്നുണ്ട്. സാധാരണക്കാരായ സ്ത്രീകൾ പോലും ഇത് അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും അതുകൊണ്ടാണിപ്പോൾ ഇത്തരക്കാർക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചതെന്നും താരം പറഞ്ഞു.
അതേസമയം പൊതുവേദിയിൽ ക്ഷണിച്ചുവരുത്തി തനിക്കെതിരെ ദ്വയാർത്ഥ പ്രയോഗം നടത്തിയതിനെതിരെയും താരം പ്രതികരിച്ചു. ഒരിക്കലും ഒരാളും എനിക്ക് നേരെ നിന്ന് ഒരു രീതിയിലും മോശമായി പെരുമാറിയിട്ടില്ല. അന്ന് വേദിയിൽ പ്രതികരിക്കേണ്ടതില്ലെന്ന തൻ്റെ തീരുമാനം നൂറുശതമാനവും ശരിയായിരുന്നെന്നാണ് ഇപ്പോഴും വിശ്വസിക്കുന്നത്. കാരണം നിങ്ങൾ എന്താണ് ഇങ്ങനെ പറഞ്ഞതെന്ന് ചോദിച്ചാൽ ഞാൻ നല്ല രീതിയിൽ ആണല്ലോ ഉദ്ദേശിച്ചതെന്ന് പറയും. അതാണല്ലോ ദ്വയാർത്ഥ പ്രയോഗങ്ങളുടെ ഉദ്ദേശം. നിങ്ങൾക്ക് മോശമെന്ന് തോന്നുന്നെങ്കിൽ അങ്ങനെയെടുക്കാം എന്ന് പറഞ്ഞൊഴിയും. പക്ഷേ അത്തരം പ്രയോഗങ്ങൾക്ക് ഒരിക്കലും ഡബിൾ മീനിങ് ഇല്ല, ഒറ്റ അർഥമേയുള്ളൂ. ഒരാളെ അപമാനിക്കുകയും ഏറ്റവും മോശമായി ചിത്രീകരിക്കുകയും ചെയ്യുകയെന്ന് മാത്രം. ഹണി കൂട്ടിച്ചേർത്തു.
ഇതൊക്കെ കേൾക്കുമ്പോൾ ഇതൊക്കെ അവർ അങ്ങനെ പൊതുവേദിയിൽ പെരുമാറിയിട്ടും ചിരിച്ചുകൊണ്ട് നിന്നു, പണം വാങ്ങിച്ചതുകൊണ്ടല്ലേ ഒന്നും ചെയ്യാത്തത് എന്നൊക്കെയാണ് ആളുകൾ പറയും. ഇത്രയും കാലം ഇത്രയധികം ബുദ്ധിമുട്ടിച്ചിട്ടും ഒരുവാക്ക് മിണ്ടാതെയിരുന്നത് എൻ്റെ പ്രകൃതം അങ്ങനെയായതുകൊണ്ടാണ്. എന്നെ ഇതിലേയ്ക്ക് വലിച്ചുകൊണ്ടിട്ടതാണ്. ഇനിയും ഞാൻ മിണ്ടാതിരുന്നാൽ വളരെ മോശം സന്ദേശമാകും സമൂഹത്തിൽ നൽകുക. പണം കൊടുത്ത് ആരുടെയും ആത്മാഭിമാനത്തെ വിലയ്ക്ക് വാങ്ങാം എന്ന തോന്നലിനോടാണ് ഞാൻ എൻ്റെ നയം വ്യക്തമാക്കുന്നതെന്നും താരം വ്യക്തമാക്കി.