കലൂർ സ്റ്റേഡിയത്തിൽ സ്റ്റേജ് കെട്ടിപ്പൊക്കിയതിൽ ഗുരുതരമായ വീഴ്ചയാണ് ഉത്തരവാദിത്വപ്പെട്ടവർക്ക് സംഭവിച്ചതെന്ന് ഉമാ തോമസ്. സ്റ്റേജിൽ നിന്ന് വീണ് പരിക്കേറ്റ സംഭവത്തെക്കുറിച്ച് സ്വകാര്യ മാദ്ധ്യമത്തോട് പ്രതികരിക്കുകയായിരുന്നു എംഎൽഎ.സ്റ്റേജ് നിർമിച്ചതിൽ വലിയ വീഴ്ച സംഭവിച്ചിട്ടുണ്ട്. കുട്ടികൾ മണ്ണപ്പം ഉണ്ടാക്കുന്നതുപോലെയാണ് വേദി ഒരുക്കിയത്. GCDAയ്‌ക്കും (Greater Cochin Development Authority) പൊലീസിനും ക്ലീൻ ചിറ്റ് നൽകിയത് തെറ്റാണ്. സംഘാടകർക്ക് മാത്രമാണ് തെറ്റുപറ്റിയതെന്ന് വരുത്തിതീർക്കാൻ ശ്രമം നടന്നു. കരാർ ഉൾപ്പടെയുള്ളവ പരിശോധിച്ച് ഉത്തരവാദിത്വപ്പെട്ട എല്ലാവർക്കുമെതിരെ നടപടി സ്വീകരിക്കേണ്ടതായിരുന്നു.
താൻ വീണതുകൊണ്ട് മാത്രമാണ് സ്റ്റേജിന്റെ അപാകത പുറംലോകം അറിഞ്ഞത്. അപകടം സംഭവിച്ചത് കുട്ടികൾക്കായിരുന്നുവെങ്കിലോ എന്നും ഉമാ തോമസ് ചോദിച്ചു. പരിപാടിക്ക് നേതൃത്വം നൽകിയ നടി ദിവ്യ ഉണ്ണി ഖേദപ്രകടനം നടത്താൻ പോലും തയ്യാറാകാതിരുന്നത് ഏറെ വിഷമിപ്പിച്ചുവെന്നും അവർ തുറന്നുപറഞ്ഞു.അപകടം സംഭവിച്ചതിന് ശേഷം ദിവ്യ ഖേദം പ്രകടിപ്പിക്കുകയോ വന്നുകാണുകയോ വിളിക്കുകയോ ചെയ്തില്ല. ഒരുദിവസം മഞ്ജു വാരിയർ തന്നെ കാണാൻ വന്നപ്പോൾ ഇക്കാര്യത്തെക്കുറിച്ച് താൻ വിഷമം പറഞ്ഞിരുന്നു. അതിന് ശേഷം വന്ന ഒരു അവധി ദിവസമാണ് ദിവ്യ വിളിച്ചത്. കോൾ വന്നപ്പോൾ താൻ ചോദിച്ചു. ഇത് ദിവ്യ തന്നെ ആണോയെന്ന്. ദിവ്യ ഉണ്ണിയെ പോലെയുള്ളവർ സാമൂഹിക ഉത്തരവാദിത്വങ്ങൾ മറക്കരുതെന്നും ഉമാ തോമസ് പറഞ്ഞു.