വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതി യുവ ഡോക്ടറുടെ പരാതിയിൽ റാപ്പർ വേടന്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ രാവിലെ ഒമ്പതരയോടെയാണ് വേടന്‍ എത്തിയത്. 2021-2023 കാലഘട്ടത്തില്‍ വിവാഹ വാഗ്ദാനം നല്‍കിയ രണ്ട് വര്‍ഷത്തിനിടെ അഞ്ച് തവണ പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. എന്തായാലും കേസിൽ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയതോടെ താരത്തെ ചോദ്യം ചെയ്ത വിട്ടയക്കുകയായിരുന്നു.
നിരോധിത ലഹരിവസ്തുക്കളുമായി പിടിക്കപ്പെട്ടതും പിന്നാലെ വന്ന ആനക്കൊമ്പ് കേസും മറ്റു വിവാദങ്ങളുമെല്ലാം ഒരു വിധത്തിൽ നേരിട്ട് വീണ്ടും സംഗീത വേദികളിൽ കൂടുതൽ ഉത്തരവാദിത്തത്തോടെ വേടൻ തിരിച്ചുവരവ് നടത്തുന്നതിനിടെ ആയിരുന്നു യുവതിയുടെ പരാതിയുമായുള്ള രംഗപ്രവേശനം. പിന്നാലെ വേടനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങൾ വന്നിരുന്നു. ഒരു ഘട്ടത്തിൽ താരം രാജ്യം വിട്ടുവെന്നും അറസ്റ്റ് ഭയന്ന് ഒളിവിലെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് വേടന്‍ തന്നെയിപ്പോൾ. പത്തനംതിട്ട കോന്നിയില്‍ നടന്ന സംഗീത പരിപാടിക്കിടെയാണ് വേടന്‍ വിഷയത്തിൽ വ്യക്തത വരുത്തിയത്.
‘ഒരുപാട് ആളുകള്‍ വിചാരിക്കുന്നത് വേടന്‍ എവിടെയോ പോയി എന്നാണ്. ഒരു കലാകാരന്‍ ഒരിക്കലും എവിടെയും പോകുന്നില്ല. ഞാനെന്റെ ഈ ഒറ്റ ജീവിതം ജനങ്ങളുടെ മുന്നില്‍ ജീവിച്ചുമരിക്കാന്‍ തന്നെയാണ് വന്നിരിക്കുന്നത്’ എന്നാണ് വേടന്‍ പറഞ്ഞത്.







