മോഹൻലാൽ- പൃഥ്വിരാജ് ചിത്രം എംപുരാന്‍റെ നന്ദി കാര്‍ഡില്‍ നിന്ന് തന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടതിൽ വിശദീകരണവുമായി നടൻ സുരേഷ് ഗോപി. താന്‍ ആ സിനിമയുടെ ഭാഗമാകാന്‍ താല്പര്യപ്പെടുന്നില്ലെന്നും അതിനാലാണ് തന്റെ പേര് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടതെന്നും സുരേഷ് ഗോപി പറഞ്ഞു.ആ സിനിമയില്‍ തന്റേ പേര് ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ നിര്‍മാതാവായ ഗോകുലം ഗോപാലനെ വിളിച്ച് അത് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടെന്നും അതിന് ശേഷമാണ് സിനിമയില്‍ പ്രശ്‌നമുണ്ടെന്ന് അവര്‍ക്ക് തോന്നിയതെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
“ഈ സിനിമ ഇത്രയും വിവാദമായത് പാര്‍ലമെന്റിലെ ഒരു ചര്‍ച്ചയോടെയാണ്. വഖഫ് വിഷയത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയ്ക്ക് ജോണ്‍ ബ്രിട്ടാസ് എന്നെ മുന്ന എന്ന് വിളിച്ചു. അതോടെ എല്ലാവരും വിഷയം മാറ്റി. എന്നെ എന്തുകൊണ്ടാണ് മുന്നയെന്ന് വിളിച്ചത് എനിക്കറിയില്ല. കാരണം എംപുരാനിലെ മുന്ന ആരാണെന്ന് എനിക്കറിയില്ല.
ആ സിനിമ ഇതുവരെ കണ്ടിട്ടില്ല, ഇനി കാണുകയുമില്ല എന്നതാണ് എന്റെ തീരുമാനം. ആ സിനിമ റീ സെന്‍സര്‍ ചെയ്യണമെന്ന് ഞാനോ എന്റെ ഗവൺമെന്റോ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. നിര്‍മാതാവായ ശ്രീ ഗോകുലം ഗോപാലന്റെയും മോഹന്‍ലാലിന്റെയും തീരുമാനമാണത്. ആ സിനിമയുടെ ഷൂട്ടിന് ചില പെര്‍മിഷന്‍ മാത്രമേ ഞാന്‍ വാങ്ങിക്കൊടുത്തിട്ടുള്ളൂ.
പള്ളിപ്പുറം സിആർപിഎഫ് ക്യാമ്പിലെ ഷൂട്ട് അന്ന് നടന്നില്ലായിരുന്നെങ്കില്‍ ഈ സിനിമ റിലീസാകില്ലായിരുന്നു. അത്രയും ആര്‍ട്ടിസ്റ്റുകളുടെ ഡേറ്റ് വെറുതേ പോകുമെന്ന് പറഞ്ഞപ്പോള്‍ അന്ന് രാത്രി അമിത് ഷായുടെ അടുത്ത് നിന്ന് പെര്‍മിഷന്‍ വാങ്ങുകയായിരുന്നു”.- സുരേഷ് ഗോപി പറഞ്ഞു.







