മോഹന്‍ലാലിന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളെടുത്താല്‍ ആദ്യ ആദ്യസ്ഥാനങ്ങളില്‍ വരുന്നവയില്‍ ഒന്നാണ് ‘തന്മാത്ര’യിലെ രമേശന്‍ നായര്‍. ബ്ലെസിയുടെ സംവിധാനത്തില്‍ 2005-ല്‍ പുറത്തിറങ്ങിയ ചിത്രത്തിൽ മറവിരോഗം ബാധിച്ച ആളായി താരം ജീവിക്കുകയായിരുന്നു. ഇപ്പോഴിതാ മോഹന്‍ലാലിന്റെ വലിയ ആരാധകനായ തമിഴ്‌താരം വിജയ് സേതുപതി ചിത്രത്തെ പ്രശംസിച്ചു പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. തന്‍മാത്ര തന്നെ വിസ്മയിപ്പിച്ച ചിത്രമാണെന്നും ചിത്രത്തിലെ ഒരു സീൻ കാണാന്‍ തന്നെ പ്രയാസമാണെന്നുമാണ് വിജയ് സേതുപതി ഒരു അഭിമുഖത്തിൽ പറഞ്ഞത്.
വിജയ് സേതുപതിയുടെ വാക്കുകൾ…
‘മോഹന്‍ലാലിന്റെ കഥാപാത്രം അത് തന്റെ വീടാണെന്ന് തെറ്റിദ്ധരിച്ച് ഓഫീസില്‍ പ്രവേശിക്കുന്നു. തുടര്‍ന്ന് കുളിക്കാനായി വസ്ത്രം അഴിക്കാന്‍ തുടങ്ങുന്നു. ആ സീന്‍ എനിക്ക് കാണാന്‍ തന്നെ പ്രയാസമാണ്. ആ സിനിമ തന്നെ കാണാന്‍ ബുദ്ധിമുട്ടാണ്. അതെന്തുകൊണ്ടാണെന്ന് അറിയില്ല. അത് അഭിനയമാണെന്നും ഞാനൊരു നടനാണെന്നും ഞാന്‍ ആ പെര്‍ഫോമന്‍സ് കാണുകയാണെന്നും എനിക്കറിയാം. ആ രംഗം കാണുന്നത് അഭിനയം പഠിക്കാന്‍ വേണ്ടിയാണെങ്കില്‍ പോലും കഠിനമാണ്. അസാധ്യ അഭിനയമാണ് മോഹന്‍ലാല്‍ ആ രംഗത്തില്‍ കാഴ്ചവച്ചിരിക്കുന്നത്. ഓര്‍മ്മ നഷ്ടപ്പെട്ടപ്പോഴത്തെ ബെഡ്റൂം സീനുമുണ്ട്, അതിലെ അഭിനയവും ഗംഭീരമാണ്’ – വിജയ് സേതുപതി പറയുന്നു.







