Spread the love

നിരവധി ആരാധകരുള്ള ടെലിവിഷൻ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. ടെലിവിഷന് പുറമെ യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും സജീവമായി വിഡിയോകൾ പങ്കുവയ്ക്കുന്ന നടിക്ക് സൈബർ ഇടങ്ങളിലും വലിയ ആരാധകരുണ്ട്. തന്റെ ജീവിതത്തിലെ സന്തോഷങ്ങളും കുഞ്ഞു കുഞ്ഞു വിശേഷങ്ങളുമെല്ലാം മിക്കപ്പോഴും ഇത്തരം വീഡിയോകളിലൂടെ പങ്കുവയ്‌ക്കാറുള്ള ശ്രീവിദ്യ തന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും വിവാഹശേഷം പബുകളിക്കൊപ്പമുള്ള വിശേഷവും ജീവിതവുമെല്ലാം ഇത്തരത്തിൽ പങ്കുവച്ചിട്ടുണ്ട്. വർഷങ്ങളായുള്ള പ്രണയത്തിന് ശേഷം ഇക്കഴിഞ്ഞ 2024ൽ ആയിരുന്നു ശ്രീവിദ്യയും സംവിധായകൻ രാഹുൽ രാമചന്ദ്രനുമായുള്ള വിവാഹം. വിവാഹശേഷം ഒന്നിച്ചുള്ള യാത്രകൾ അടക്കമുള്ള വ്ലോഗുകൾ നടി പങ്കുവയ്‌ക്കാറുണ്ട്. ഇപ്പോൾ രാഹുലും സോഷ്യൽ മീഡിയ കോൺടെന്റ് മേക്കിങ്ങിൽ സജീവമായിട്ടുണ്ട്. ഇപ്പോഴിതാ ഇക്കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ മുൻപ് തനിക്ക് നേരിടേണ്ടി വന്ന സാമ്പത്തിക ബുദ്ധിമുട്ടുകളെ കുറിച്ചും ആ സമയത്ത് ശ്രീവിദ്യ തനിക്ക് നൽകിയ പിന്തുണയെ കുറിച്ചും രാഹുൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

‘കഴിഞ്ഞ എട്ട് വർഷമായി എന്നെ ഒരു കുറവും ഇല്ലാതെ നോക്കുന്നത് ശ്രീവിദ്യയാണ്. സിനിമ ഇല്ലാതെ നിൽക്കുന്ന ഒരു സംവിധായകന്റെ അവസ്ഥ നിങ്ങൾക്ക് ഊഹിക്കാമല്ലോ. അവളുടെ പിറന്നാളിന് പോലും സമ്മാനം വാങ്ങിക്കൊടുക്കാൻ എന്റെ കയ്യിൽ കാശില്ലായിരുന്നു. ശ്രീവിദ്യ എന്റെ അക്കൗണ്ടിലേക്ക് കാശയക്കുമായിരുന്നു അവൾക്ക് ഗിഫ്‌റ്റ് വാങ്ങിക്കൊടുക്കാൻ. ഞാനെന്റെ സ്വന്തം ഭാര്യയുടെ ചെലവിനാണ് ജീവിച്ചത്. അങ്ങനെ പറയുന്നവർ പറയട്ടെ. അതിൽ തെറ്റൊന്നുമില്ല. എനിക്ക് അഭിമാനമേയുള്ളു.’ രാഹുൽ പറയുന്നു.

‘അധികം സിനിമകളൊന്നും ഞാൻ സംവിധാനം ചെയ്‌തിട്ടില്ല. കഴിഞ്ഞ കുറച്ച് നാളുകളായി വെറുതേ ഇരിക്കുകയായിരുന്നു. ഒരു സിനിമ ചെയ്യാനുണ്ട്. അത് വൈകുന്നതിന്റെ ഡിപ്രഷൻ. അങ്ങനെ വല്ലാത്തൊരവസ്ഥ. ഈ സമയത്ത് ഒന്നുചെയ്യാനില്ല. അങ്ങനെയാണ് വെറുതേ ഒരു വീഡിയോ ചെയ്യാമെന്ന് കരുതിയത്. വെറുതേ കുറച്ച് വീഡിയോ എടുത്തു. വീട്ടിൽ വന്ന് വോയിസ് ചെയ്‌ത് അപ്‌ലോഡ് ചെയ്‌തു. ഒട്ടും പ്രതീക്ഷിച്ചില്ല. ആ വീഡിയോ ഒരു മില്യണിലധികം ആളുകൾ കണ്ടു. ചേട്ടന്റെ ശബ്‌ദം നല്ലതാണെന്ന് പറഞ്ഞ് നിരവധിപേർ മെസേജയച്ചു. ഒരു സിനിമ ഹിറ്റാകുന്നതിനേക്കാൾ സന്തോഷമായിരുന്നു അന്നെനിക്ക്. ഇപ്പോൾ ആർക്കും ദോഷമില്ലാത്ത പ്രമോഷനുകൾ ഞാൻ ചെയ്യുന്നുണ്ട്. അതിൽ നിന്ന് കിട്ടുന്ന കാശിന് അവൾക്ക് സർപ്രൈസായി ഓരോന്ന് വാങ്ങിക്കൊടുക്കാറുണ്ട്. ഇത്രയും നാൾ എന്നെ നോക്കിയ ഭാര്യയെ എനിക്ക് തിരിച്ച് നോക്കാൻ പറ്റുന്നുണ്ട്.’ രാഹുൽ പറയുന്നു.

Leave a Reply