അസാധാരണമായ എന്തെങ്കിലും ചെയ്യണമെന്ന ചിന്തയിൽ നിന്നാണ് ബറോസ് എന്ന ചിത്രം ഉണ്ടായതെന്ന് മോഹൻലാൽ. ഒരുപാട് ചിന്തിച്ചതിന് ശേഷമാണ് ത്രീഡി പ്ലേ ചെയ്യാമെന്ന ആശയം മനസിലേക്ക് വന്നതെന്നും ബറോസ് ഒരു അനുഗ്രഹമായിരുന്നെന്നും മോഹൻലാൽ പറഞ്ഞു. ബറോസിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
“ആരും ഇതുവരെ ചെയ്യാത്തൊരു ആശയം കൊണ്ടുവരണമെന്ന് ഞാനും രാജീവും (സംവിധായകൻ ടികെ രാജീവ് കുമാർ, ബറോസിന്റെ ക്രിയേറ്റീവ് ഹെഡ്ഡ്) ആലോചിച്ചു. എന്തുകൊണ്ട് ത്രീഡി പ്ലേ ചെയ്തുകൂടാ എന്ന് ഞാൻ രാജീവിനോട് ചോദിച്ചു. പ്രേക്ഷകർ ഗ്ലാസ് വച്ച് സിനിമ കാണട്ടെയെന്ന് ഞങ്ങൾ വിചാരിച്ചു. ഇത് ഞങ്ങൾ ജിജോയോട് (സംവിധായകനും ബറോസിന്റെ തിരക്കഥാകൃത്തുമായ ജിജോ പുന്നൂസ്)പറഞ്ഞു. ഇത് നല്ലതാണ് നമുക്ക് ചെയ്യാം. പക്ഷേ, ഇതിന്റെ ചെലവ് നമ്മൾ ചിന്തിക്കുന്നതിനേക്കാൾ കൂടുതലാകും എന്ന് പറഞ്ഞു. കേട്ടപ്പോൾ തന്നെ അദ്ദേഹത്തിന് താത്പര്യം തോന്നിയിരുന്നു. അവിടെ നിന്നാണ് ബറോസിന്റെ തുടക്കം.
ബറോസ് ഒരിക്കലും എളുപ്പമല്ല, ഒരുപാട് ബുദ്ധിമുട്ടുകളുണ്ട്. പക്ഷേ, ചെയ്യാൻ പ്രയാസമാണെന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്ത് ഫലിപ്പിക്കാൻ എനിക്ക് വലിയ ഇഷ്ടമാണ്. മനസിൽ വന്നൊരു ആശയം ഞാൻ അവരോട് പറഞ്ഞപ്പോൾ എന്നിൽ അവർ വിശ്വാസമർപ്പിച്ചു. പതുക്കെ പതുക്കെ ഓരോ ഭാഗത്ത് നിന്നും ആളുകൾ വന്ന് ഞങ്ങൾക്കൊപ്പം ചേർന്നു. ഒരുപാട് ആളുകൾ ബറോസിന്റെ ഭാഗമായി. ഛായാഗ്രാഹകൻ സന്തോഷ് ശിവൻ, ആർട്ട് ഡയറക്ടർ, സംഗീത സംവിധായകൻ എന്നിവരുടെയെല്ലാം കഠിനാധ്വാനത്തിലൂടെയാണ് ബറോസ് യാഥാർത്ഥ്യമായത്.