അമ്മ തിരഞ്ഞെടുപ്പും താരങ്ങളുടെ അധികാരത്തിനായുള്ള തമ്മിലടിയും വാദ പ്രതിവാദങ്ങളുമാണ് മലയാള സിനിമയെ സംബന്ധിക്കുന്ന ഏറ്റവും വൈറൽ വർത്തകളിപ്പോൾ. മോഹൻലാലും മമ്മൂട്ടിയുമടക്കമുള്ള താരങ്ങൾ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇക്കുറി പെൺസാന്നിധ്യം വരണമെന്ന് നിർദ്ദേശിച്ചപ്പോൾ ശ്വേതാ മേനോന്റെ സാധ്യത വളരെയധികം കൂടിയിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിന് നാളുകൾ മാത്രം ശേഷിക്കെ താരത്തിനെതിരെ വന്ന വിചിത്രമായ പരാതി വൻ ചചർച്ചയായിരിരുന്നു. ശ്വേതാ മേനോൻ അഭിനയിച്ച ചില സിനിമകളും ഒപ്പം ഒരു ഗർഭനിരോധന ഉറയുടെ പരസ്യവും ചൂണ്ടിക്കാട്ടി അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചുവെന്ന പേരിലായിരുന്നു കേസ്.
സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി പ്രേക്ഷകര്‍ കണ്ടതും ഇപ്പോഴും പൊതുമധ്യത്തില്‍ ലഭ്യവുമായ ചിത്രങ്ങളാണ് ഇവഎന്നതുകൊണ്ട് തന്നെ പരാതിക്ക് പിന്നിൽ അമ്മ തെരഞ്ഞെടുപ്പിൽ നിന്ന് ശ്വേതയെ മാറ്റിനിർത്തുക എന്ന കുബുദ്ധിയാണോ എന്ന് സിനിമയ്ക്കകത്തും പുറത്തും സംസാരമുണ്ടായിരുന്നു. പരാതിക്ക് പിന്നിൽ നടൻ ബാബുരാജ് ആണെന്നും അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. പിന്നാലെ ഇപ്പോൾ നിരവധി താരങ്ങളാണിപ്പോൾ നടിക്ക് പിന്തുണയുമായെത്തിയിരിക്കുന്നത്. ഇത്തരത്തിൽ തന്റെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ച വിഡിയോയിലൂടെ സംവിധായകനും നടനുമായ മേജർ രവിയും താരത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്.
മേജർ രവിയുടെ വാക്കുകൾ
‘‘ശ്വേതയുടെ അച്ഛൻ എയർഫോഴ്സില്‍ ഉണ്ടായിരുന്ന ആളാണ്. ഞാനെന്റെ സ്വന്തം സഹോദരിയെപ്പോലെയും മകളെപ്പോലെയും കാണുന്ന ആളാണ് ശ്വേത. വിഷയം അറിഞ്ഞപ്പോൾ ശ്വേതയെ വിളിച്ച് തമാശയായാണ് ചോദിച്ചത്, എന്താടീ ഇതെന്ന്. എന്നാൽ ശ്വേത കരയുകയായിരുന്നു. ‘എനിക്ക് 13 വയസ്സുള്ള മകളുണ്ട്. ഈ ചെയ്യുന്നവർ അവളുടെ കാര്യം ഓർക്കുന്നുണ്ടോ, തന്നെ പോക്സോ കേസിലാണ് കുടുക്കാൻ നോക്കുന്നതെന്നാണ്’ ശ്വേത എന്നോട് ചോദിച്ചത്. ആ കരച്ചിൽ കേട്ടപ്പോഴാണ് എനിക്കീ വിഷയത്തിന്റെ ഗൗരവം മനസിലായത്.
ഇതു കെട്ടിച്ചമച്ച കേസ് ആണെന്ന് ആർക്കും മനസ്സിലാകും. ശ്വേത തിരഞ്ഞെടുപ്പിന് അപേക്ഷ കൊടുത്തതിന് പിന്നാലെയാണ് കേസ് വന്നത്. ആർക്കോ വേണ്ടി ഏതോ ഗുണ്ട ചെയ്ത പണിയാണിത്. സെൻസർ ബോർഡ് ക്ലിയർ ചെയ്ത സിനിമകളിലാണ് ശ്വേത അഭിനയിച്ചത്. അല്ലാതെ നീല ചിത്രങ്ങളല്ലത്, അതും പത്ത് കൊല്ലം മുമ്പ് അഭിനയിച്ച സിനിമയുടെ പേരിലാണ് ഇപ്പോൾ പരാതി കൊടുത്തിരിക്കുന്നത്. ‘കളിമണ്ണ്’ സിനിമയിൽ ശ്വേത അഭിനയിച്ചതെല്ലാം ഇത് പല യൂട്യൂബേഴ്സും യൂട്യൂബിലൂടെ ലൈവ് ആയി അപ്‍ലോഡ് ചെയ്യുന്നുണ്ട്. ഇത് വ്യക്തിപരമായ വിദ്വേഷം കൊണ്ടാണെന്ന് വ്യക്തമാണ്.
എന്നാൽ നീതിപീഠം ഇതെല്ലാം കാണുന്നുണ്ട്. പൊലീസ് അന്വേഷിച്ച് സത്യം കണ്ടെത്തും. കേസിൽ യാതൊരു തെളിവുമില്ലെന്ന് കാണുന്ന ഘട്ടത്തിൽ, ഒരു പെൺകുട്ടിയുടെ ജീവിതം തുലയ്ക്കാൻ ശ്രമിച്ച ആളുകൾക്ക് ശക്തമായ ശിക്ഷ കോടതി നൽകണം. ഇല്ലെങ്കിൽ ആർക്കോ വേണ്ടി കേസ് നൽകാൻ ഇതുപോലെ ആൾക്കാർ വരും. എന്താണ് ശ്വേത ചെയ്ത തെറ്റ്. ‘രതിനിർവേദ’ത്തിനെതിരെയും പരാതി ഉണ്ടെന്ന് പറയുന്നു. ഇതൊരു റീമേക്ക് ചിത്രമാണ്.
എന്തുകൊണ്ടാണ് ‘രതിനിർവേദം’ ചെയ്ത ജയഭാരതി ചേച്ചിക്കെതിരെ കേസ് കൊടുക്കാത്തത്. നെറ്റിൽ കയറി ശ്വേത ഹോട്ട് ഫിലിംസ് എന്നൊക്കെയാണ് ആ പരാതിക്കാൻ തിരഞ്ഞത്. അങ്ങനെ പോണോഗ്രാഫി തിരഞ്ഞപ്പോഴാണ് അയാൾ ഇതൊക്കെയും കണ്ടത്. എന്തിനാണ് അയാൾ തെരയാൻ പോയത്. അയാളാണ് യഥാർഥത്തിൽ ശിക്ഷിക്കപ്പെടേണ്ടത്. കോടതിയിൽ ഇതിനൊക്കെ മറുപടി നൽകേണ്ടി വരും.
ഒരാൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിങ്ങൾക്ക് എന്താണ് ഇത്ര അസ്വസ്ഥത? ശ്വേത ആരുടെയും മുന്നിൽ ഓച്ഛാനിച്ചു നിൽക്കാൻ പോകുന്നില്ല. അങ്ങനെ അസ്വസ്ഥരായവര്‍ ഇപ്പോൾ പുറത്തുനിൽക്കുന്നുണ്ട്. പൊതു സമൂഹം ശ്വേതയോടൊപ്പമുണ്ട്. ഞാനും കുറച്ചുകാലമായി ‘അമ്മ’യിൽ അംഗത്വത്തിനായി അപേക്ഷിച്ചിട്ടുണ്ട്. ചില കാരണങ്ങളാൽ അത് വൈകിപ്പിക്കുകയാണ്. പത്ത് പതിനഞ്ച് വർഷം മുമ്പ് ശ്വേത അഭിനയിച്ച സിനിമയുടെ പേരിലാണ് ഈ കേസ്. കോടതി ഇതിൽ കൃത്യമായി ഇടപെടും.
ഇതുവരെ ഒരാളും ശ്വേതയ്ക്കൊപ്പം സംസാരിക്കുന്നത് ഞാൻ കേൾക്കുന്നില്ല. ഷീലു എബ്രഹാമിന്റെ വിഷയവും ഇതു തന്നെയായിരുന്നു. ഷീലുവിന്റെ പുറകിൽ ശക്തനായ ഭർത്താവുണ്ടെന്നു പറഞ്ഞ് പരിഹസിക്കുന്നതും കണ്ടു. അത് ഷീലുവിന്റെ കഴിവല്ലേ, ഭാര്യയ്ക്കു വേണ്ടി അയാൾ പോരാടും. അതിൽ ചൊറിയാൻ നിൽക്കേണ്ട കാര്യമില്ല. ഇതുപോെലയാകും ശ്വേതയുടെ കാര്യവും. ശ്വേതയ്ക്കൊപ്പം ഞങ്ങളുണ്ടാകും, ഞങ്ങളുടെ ചോദ്യത്തിന് നിങ്ങൾക്ക് ഉത്തരമുണ്ടാകണം.തിരഞ്ഞെടുപ്പെന്ന് കേൾക്കുമ്പോൾ എന്താണിത്ര പ്രശ്നം. ശ്വേതയുടെ വിഷയത്തിൽ നിങ്ങളുടെ കളി നടക്കില്ല, പൊതു സമൂഹം ശ്വേതയ്ക്കൊപ്പമുണ്ട്.’’–മേജർ രവിയുടെ വാക്കുകൾ.
പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിനുള്ള പത്രിക തള്ളപ്പെട്ട സാന്ദ്ര തോമസിനും മേജർ രവി പിന്തുണ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പിനെ എന്തിനാണ് ഇങ്ങനെ ഭയക്കുന്നത് എന്ന് അദ്ദേഹം ചോദിച്ചു. അധികാരക്കസേരയിൽ ഇരിക്കുന്നവരൊക്കെയും അവിടെ നിന്നു ഇറങ്ങേണ്ട സമയം അതിക്രമിച്ചു എന്നും മേജർ രവി പറഞ്ഞു. അധികാരത്തിലിരിക്കുന്നവർ നെപ്പോട്ടിസം കാണിക്കുന്ന സമയത്ത് ഒരു സ്ത്രീ ചോദ്യം ചോദിക്കാൻ മുന്നോട്ടു വരുമ്പോൾ അവർക്ക് ഉത്തരം നൽകേണ്ടി വരും. ഇവരെ കേൾക്കണം. പറയുന്നതിൽ കാര്യമുണ്ടെങ്കിൽ അത് പരിഗണിക്കണമെന്നും മേജർ രവി ആവശ്യപ്പെട്ടു.







