മലയാളത്തിന്റെ അഭിനയവിസ്മയങ്ങളിൽ ഒരാളായ സിദ്ദിഖിന്റെ മകൻ ഇന്നലെയാണ് അന്തരിച്ചത്. സിദ്ദിഖിന്റെ മൂന്ന് മക്കളിൽ മൂത്തയാളായ സാപ്പി എന്നു വിളിപ്പേരുള്ള റാഷിൻ (37) ആണ് അപ്രതീക്ഷിതമായി വിടപറഞ്ഞത്. വിയോഗവാർത്തയറിഞ്ഞതോടെ മലയാള സിനിമാലോകത്തെ നിരവധി പ്രമുഖരാണ് സാപ്പിയെ അവസാനമായി ഒരു നോക്ക് കാണാനും സിദ്ദിഖിനേയും കുടുംബത്തേയും ആശ്വസിപ്പിക്കാനുമായികാക്കനാട്ടെ വീട്ടിലെത്തി ചേർന്നത്. ഇപ്പോഴിതാ സാപ്പിയെ കുറിച്ചുള്ള ഓർമ്മകളോടൊപ്പം പ്രശസ്ത സിനിമ-സീരിയൽ താരം ബീന ആന്റണി കുറിച്ച ഹൃദയസ്പർശിയായ വാക്കുകളാണിപ്പോൾ ശ്രദ്ധനേടുന്നത്.
കുറിപ്പിന്റെ പൂർണരൂപം
“ഒരുപാട് വേദനയോടെ, കണ്ണീരോടെ വിട. മോനേ സാപ്പി, നിന്നെ ഒരുപാട് ഇഷ്ടമായിരുന്നു ഞങ്ങൾക്ക് എല്ലാവർക്കും. എത്രയോ വർഷങ്ങൾക്ക് മുൻപ് നീ കുഞ്ഞായിരിക്കുമ്പോഴാണ് ഞാൻ നിന്നെ ആദ്യമായി കാണുന്നത്. അന്ന് നിനക്ക് ഏറ്റവും ഇഷ്ടമുള്ള റെക്സോണ സോപ്പും പിടിച്ചോണ്ട് നടക്കുന്ന നിന്നെയാണ് ഇന്നും മനസ്സിൽ ഉള്ളത്. എല്ലാവരോടും എന്ത് സ്നേഹമായിരുന്നു കുഞ്ഞേ നിനക്ക്… മനസു പിടയുന്ന വേദനയോടെ ഇക്കയുടെ കുടുംബത്തിന്റെ വേദനയോടൊപ്പം ചേരുന്നു. അത് താങ്ങാനുള്ള കരുത്ത് ഇക്കയ്ക്കും കുടുംബത്തിനും കൊടുക്കണേ പടച്ചോനേ…”
ശ്വാസ തടസ്സത്തെ തുടർന്ന് എറണാകുളം മെഡിക്കൽ സെന്‍ററിൽ ചികിത്സയിലായിരുന്ന റാഷിൻ ഇന്നലെ രാവിലെയാണ് അന്തരിച്ചത്. 37 വയസ്സായിരുന്നു. ഫര്‍ഹീന്‍, ഷഹീൻ സിദ്ദീഖ് എന്നിവരാണ് മറ്റു സഹോദരങ്ങൾ.നടൻ ദിലീപ്, കാവ്യ മാധവൻ, ബിന്ദു പണിക്കർ, സായ് കുമാർ, നാദിർഷ, ജോമോൾ, ഗ്രേസ് ആന്റണി, ഹരിശ്രീ അശോകൻ, മനോജ് കെ ജയൻ തുടങ്ങി നിരവധി പേരാണ് സിദ്ദിഖിന്റെ വീട്ടിലെത്തിയത്.
സിദ്ദിഖിൻ്റെ ആദ്യ ഭാര്യയിലുള്ള മകനാണ് റാഷിൻ. ഭിന്നശേഷിക്കാരനായ മകനെ പറ്റിയുള്ള വിവരങ്ങളൊന്നും നടന്‍ പുറംലോകത്തോട് പറഞ്ഞിരുന്നില്ല. രണ്ട് വര്‍ഷം മുന്‍പ് സിദ്ദിഖിന്റെ ഇളയമകന്‍ ഷഹീന്റെ വിവാഹത്തോടെയാണ് സോഷ്യൽ മീഡിയയിലും മറ്റും റാഷിൻ്റെ വീഡിയോ പ്രചരിച്ചതും സാപ്പിയെന്ന വിളിപ്പേരിൽ മലയാളികൾ ഏറ്റെടുക്കുന്നതും..
അടുത്തിടെ മകന്റെ പിറന്നാള്‍ ആഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങളും വിഡിയോകളുമെല്ലാം സിദ്ദീഖ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. കുടുംബത്തിലെ ചടങ്ങുകളിലെല്ലാം സജീവ സാന്നിധ്യമായിരുന്നു സാപ്പി.