കൊച്ചി: സ്‌കൂളിലെ പ്രോഗ്രസ് കാര്‍ഡ് ലഭിക്കുമ്പോള്‍ ഒന്നാമതെത്തുന്നത് പോലെയാണ് സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം എന്ന് നടി ഉര്‍വശി. ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള അവാര്‍ഡ് കിട്ടിയ ശേഷം പ്രതികരിക്കുകയായിരുന്നു താരം. അഭിനയിക്കുമ്പോള്‍ അവാര്‍ഡ് പ്രതീക്ഷിക്കാറില്ല. ഡയറക്ടറാണ് അവാര്‍ഡ് തരുന്ന ആദ്യത്തെയാളെന്നും ഡയറക്ടര്‍ ക്രിസ്റ്റോ ടോമി സഹോദരനെ പോലെയെന്നും ഉര്‍വശി പ്രതികരിച്ചു.
‘വലിയ സന്തോഷം. അഭിനയിക്കുമ്പോള്‍ അവാര്‍ഡ് പ്രതീക്ഷിക്കില്ല. ഡയറക്ടറാണ് അവാര്‍ഡ് തരുന്ന ആദ്യത്തെയാള്‍. അദ്ദേഹം ഓക്കേ പറയുന്നതാണ് ഏറ്റവും വലിയ അവാര്‍ഡ്. പടം റിലീസായപ്പോള്‍ നിരവധി പേര്‍ അഭിനന്ദിച്ചു. ഓരോരുത്തരുടേയും അഭിനന്ദനം ഓരോ പുരസ്‌കാരങ്ങളാണ്. ഓരോ പ്രേക്ഷകന്റേയും അഭിനന്ദനം ഹൃദയപൂര്‍വ്വം പുരസ്‌കാരമായാണ് സ്വീകരിക്കുന്നത്. സ്‌കൂളില്‍ നിന്നും പ്രോഗ്രസ് റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഫസ്റ്റ്‌പ്രൈസ് കിട്ടില്ലേ അതുപോലെയാണ് സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം. പാര്‍വ്വതിയുമായി മത്സരിച്ച് അഭിനയിച്ചു. പാര്‍വ്വതി അപ്പുറം ഉള്ളതുകൊണ്ടുകൂടിയാണ് നേട്ടം’, എന്നായിരുന്നു ഉര്‍വശിയുടെ പ്രതികരണം.
ശാരീരികമായും മാനസികമായും ഒരുപാട് കഷ്ടപ്പെട്ടാണ് ഉള്ളൊഴുക്ക് പൂര്‍ത്തിയാക്കിയത്. അരയ്‌ക്കൊപ്പം വെള്ളമായിരുന്നു. രാവിലെ തുടങ്ങിയാല്‍ വൈകുന്നേരം വരെ ഷൂട്ടിംഗ് ആയിരുന്നു. പിന്നെ വേണം റൂമില്‍ പോകാന്‍. 44 ദിവസത്തോളം കരഞ്ഞിരിക്കാന്‍ പറ്റില്ലെന്ന് ഞാന്‍ സംവിധായകനോട് പറഞ്ഞു. എങ്കില്‍ ചേച്ചിക്ക് ഉചിതമായ രീതിയില്‍ ചെയ്യാനായിരുന്നു സംവിധായകന്‍ പറഞ്ഞത്. പക്ഷെ, കരയാതെ കരയുകയെന്നതായിരുന്നു അതിലും പ്രയാസമെന്ന് പിന്നീടാണ് മനസ്സിലായത്. രണ്ടോ മൂന്നോ ദിവസം കഴിഞ്ഞപ്പോള്‍ മുഖത്തെ ഞരമ്പ് വേദനിക്കാന്‍ തുടങ്ങി. ക്ഷീണിച്ചു. ശരിക്കും മരണവീടായിരുന്നു അത്. ഇനി ഒരുതവണ കൂടി അങ്ങനെ നില്‍ക്കുകയെന്നത് പ്രയാസമാണെന്നും ഉര്‍വശി പറയുന്നു.