തന്റെ വിവാഹ സങ്കൽപങ്ങളെ കുറിച്ച് പറഞ്ഞ് എയറിലായ സിനിമാ- സീരിയൽ താരമാണ് സ്വാസിക. ഒരു അഭിമുഖ പരിപാടിയിൽ ‘രാവിലെ എഴുന്നേറ്റ് ഭർത്താവിന്റെ കാൽ തൊട്ട് വണങ്ങണം, അദ്ദേഹം വരുന്നത് വരെ ഭക്ഷണം കഴിക്കാതിരിക്കണം’ തുടങ്ങി നിരവധി കാര്യങ്ങളാണ് അന്ന് സ്വാസിക പറഞ്ഞത്. എന്തായാലും അഭിമുഖം സംപ്രേക്ഷണം ചെയ്തതിനു തൊട്ടുപിന്നാലെ അന്ന് വലിയ രീതിയിലുള്ള ട്രോളുകളും വിമർശനങ്ങളും താരം നേരിട്ടിരുന്നു. നടിക്ക് പഴയ കാലത്തുനിന്നും വണ്ടി കിട്ടിയിട്ടില്ലെന്നും ആൺകോയ്മയെ ആരാധിക്കുകയാണെന്നും ആയിരുന്നു നേരിട്ട വിമർശനം.
പിന്നീട് വിവാഹശേഷവും മുൻപ് പറഞ്ഞ കാര്യങ്ങൾ താരം മാധ്യമങ്ങൾക്കു മുന്നിൽ ആവർത്തിച്ചിരുന്നു. “ഭർത്താവിന്റെ താഴെ ജീവിക്കാനാണ് എനിക്കിഷ്ടം. എന്റെ അഭിപ്രായമാണ് പറഞ്ഞത്. എന്റെ ജീവിതം ഇങ്ങനെ ജീവിക്കാനാണ് എനിക്ക് ഇഷ്ടം. എന്തുകൊണ്ടെന്ന് ചോദിച്ചാൽ അറിയില്ല. ഭർത്താവ് കഴിച്ച പാത്രം കഴുകുന്നതും കാലു പിടിക്കുന്നതും നിങ്ങൾക്ക് തെറ്റായിരിക്കും. ഇതാണ് ഉത്തമ സ്ത്രീയെന്ന ഞാൻ പറയില്ല. അങ്ങനെ ജീവിക്കണമെന്ന് ആരോടും പറയില്ല. സ്ത്രീകൾ സ്വതന്ത്രരാകണം. തുല്യതയിൽ വിശ്വസിക്കുന്നവരാകണം. പക്ഷേ എനിക്ക് ഈ പറഞ്ഞ തുല്യത വേണ്ട. ഞാൻ ഇങ്ങനെയാണ് ഇഷ്‌ടപ്പെടുന്നത്”. എന്നുമായിരുന്നു നടി ആവർത്തിച്ചത്. ഇപ്പോഴിതാ സിന്ദൂരം ധരിക്കാനാണ് ഞാൻ വിവാഹം കഴിച്ചതെന്നും കുലസ്ത്രീ ആകാൻ താൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞ് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് താരം.
“സിന്ദൂരം ധരിക്കാനാണ് ഞാൻ വിവാഹം കഴിച്ചത്. സത്യമായിട്ടും… ആളുകൾ എപ്പോഴും എന്നെ കളിയാക്കുന്നതും അത്തരത്തിൽ ആണല്ലോ… എന്നെ ഒരു കുലസ്ത്രീ എന്നാണല്ലോ കളിയാക്കുന്നത്. പക്ഷേ എനിക്ക് ആ വാക്ക് ഇഷ്ടമാണ്. കുലസ്ത്രീ ആകാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ ലോകത്തിലെ ഒരേയൊരു കുലസ്ത്രീ ഞാനാണ്. ഇപ്പോൾ ഞാൻ കുറച്ച് സിന്ദൂരമേ ധരിച്ചിട്ടുള്ളൂ. പക്ഷേ എനിക്ക് നീട്ടി വലുതുമായ രീതിയിൽ സിന്ദൂരം ധരിക്കാൻ ഇഷ്ടമാണ്. അത് അങ്ങനെ ധരിക്കണമെന്ന് ആണ് ഐതീഹ്യം എന്നാണ് ഞാൻ മനസ്സിലാക്കിയത്. താലി ധരിക്കാനും എനിക്കിഷ്ടമാണ്. ഇതൊക്കെ എന്റെ ഇഷ്ടങ്ങൾ ആണ്.ഞാൻ ഇതെല്ലാം എനിക്ക് ഇഷ്ടമുള്ളതുപോലെ ചെയ്യുന്നു. ഇതിന് ചേരാത്ത ഒരു വസ്ത്രം ധരിച്ചാൽ ഞാൻ താലി ധരിക്കില്ല. ഞാൻ സിന്ദൂരം തൊടില്ല. സാരി ഉടുക്കുമ്പോൾ അത് ചെയ്യണമെന്ന് എനിക്ക് തോന്നി. അത് എന്റെ ഇഷ്ടമായതിനാൽ, ഞാൻ വീട്ടിലായിരിക്കുമ്പോൾ പോലും രാവിലെ എഴുന്നേറ്റ് സിന്ദൂരം തൊടും. നിങ്ങൾ എന്നെ കളിയാക്കുന്ന കാര്യങ്ങളും ഞാൻ ചെയ്യും” എന്നാണ് സ്വാസിക പറഞ്ഞത്.







