Spread the love

അമ്മയുടെ തലപ്പത്ത് നിന്ന് മോഹൻലാൽ സ്ഥാനം ഒഴിഞ്ഞത് മുതൽ ചരിത്രത്തിലാദ്യമായി ഇന്നലെ സംഘടനയുടെ അമരത്തേക്ക് ഒരു വനിത ചാർജെടുത്തത് വരെയുള്ള സംഭവ വികാസങ്ങൾ അതി നാടകീയവും സിനിമകളെ പോലും കടത്തിവെട്ടുന്നതും ആയിരുന്നു. വിവിധ താരങ്ങൾ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് മുതൽ പരസ്പരം ചെളി വാരി എറിയലുകളും ആരോമണ പ്രത്യാരോപണങ്ങളുമെല്ലാം സജീവമായിരുന്നു. ഫെയ്സ്ബുക്ക് കുറിപ്പുകളും സ്വകാര്യ ഓഡിയോകൾ പുറത്തു വിടലുകളും തുടങ്ങി പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ചു ജയിച്ച ശ്വേതാ മേനോനെതിരെ വന്ന കേസ് വരെ തെരഞ്ഞെടുപ്പ് തന്ത്രമാണോ എന്ന് സംശയം ഉയർന്നിരുന്നു. ശ്വേതാ മേനോനെ തകർക്കാൻ നടൻ ബാബുരാജിന്റെ നേതൃത്വത്തിൽ നടന്ന ഗൂഢാലോചന ആണ്‌ കേസെന്ന് സിനിമാരംഗത്തുള്ളവർ തന്നെ സംശയം ഉന്നയിച്ചിരുന്നു.

ശ്വേതാ മേനോൻ അഭിനയിച്ച ചില സിനിമകളും ഒപ്പം ഒരു ഗർഭനിരോധന ഉറയുടെ പരസ്യവും ചൂണ്ടിക്കാട്ടി അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചുവെന്ന പേരിലായിരുന്നു കേസ്. നാമനിർദ്ദേശപത്രിക സമർപ്പിച്ചതിനു പിന്നാലെ ഉയർന്ന കേസ് സിനിമയിലെ പല പ്രമുഖരെയും സംശയത്തിന്റെ നിഴലിലാഴ്ത്തിയിരുന്നു. എന്നാൽ സിനിമാ രംഗത്തെ മറ്റു പലരും ശ്വേതയ്ക്ക് പരസ്യ പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഇത്തരത്തിൽ പിന്തുണ അറിയിക്കാൻ വിളിച്ച കുടുംബ സുഹൃത്തു കൂടിയായ മേജർ രവിയുടെ വാക്കുകൾ ആ സമയത്ത് വലിയ ശ്രദ്ധ നേടിയിരുന്നു.

‘ ‘എനിക്ക് 13 വയസ്സുള്ള മകളുണ്ട്. ഈ ചെയ്യുന്നവർ അവളുടെ കാര്യം ഓർക്കുന്നുണ്ടോ, തന്നെ പോക്സോ കേസിലാണ് കുടുക്കാൻ നോക്കുന്നതെന്നാണ്’ ശ്വേത പറഞ്ഞിരുന്നത് എന്നാണ് മേജർ രവി പുറത്തുവിട്ട വിഡിയോയിൽ പറഞ്ഞിരുന്നത്. പിന്നാലെ വന്ന വിവാദങ്ങളും മറ്റും താരത്തെയും കുടുംബത്തെയും വലിയ രീതിയിൽ മാനസികമായി ബാധിച്ചിരുന്നു എന്നും വാർത്തകൾ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ശ്വേതാ മേനോന്റെ ഭര്‍ത്താവ് ശ്രീവത്സന്‍ മേനോന്‍ കേസിനെ പറ്റി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ‘അമ്മ’ തിരഞ്ഞെടുപ്പിനിടെ ശ്വേതയ്‌ക്കെതിരേ വന്ന കേസ് കുടുംബത്തെ വിഷമിപ്പിച്ചുവെന്നും മകള്‍ അതെങ്ങനെ സ്വീകരിക്കുമെന്ന് ഭയന്നിരുന്നുവെന്നുമാണ് ശ്രീവത്സന്‍ പറഞ്ഞത്.

‘ശ്വേതയെ ഒന്ന് തളര്‍ത്തുക എന്ന ഉദ്ദേശത്തോടെയായിരുന്നു കേസെന്നാണ് കുടുംബത്തിന് തോന്നിയത്. അത് വല്ലാതെ വിഷമമുണ്ടാക്കി. മകള്‍ അതെങ്ങനെ സ്വീകരിക്കും… വളരേ മോശമായ കുറ്റാരോപണങ്ങളായിരുന്നു. നിയമം നമ്മുടെ കൂടെയായിരുന്നു. ശ്വേത മാനസികമായി തളരുമെന്ന് ഭയമുണ്ടായിരുന്നു. എന്നാല്‍, ശ്വേത ശക്തയായി നിന്നു. ഇന്‍ഡസ്ട്രിയും മാധ്യമങ്ങളും പൊതുസമൂഹവും നന്നായി പിന്തുണച്ചു. എല്ലാവരോടും നന്ദി പറയേണ്ട അവസരം കൂടിയാണിത്’, എന്നാണ് ശ്രീവത്സന്‍ പറഞ്ഞത്.

Leave a Reply