സൂത്രവാക്യം സിനിമയിലായിരുന്നു തനിക്ക് നടൻ ഷൈൻ ടോം ചാക്കോയിൽ നിന്നും മോശം പെരുമാറ്റം ഉണ്ടായി എന്ന് വ്യക്തമാക്കി നടി വിൻസി അലോഷ്യസ് പരാതിയുമായി രംഗത്തെത്തിയത്. നടിയുടെ പരാതിയുടെ വിശദാംശങ്ങളും നടന്റെ പേരും പുറത്തുവന്നതോടെ വലിയ വിവാദങ്ങളാണ് പിന്നീട് അരങ്ങേറിയത്. ഇപ്പോഴിതാ സമ്മര്‍ദങ്ങളുടെ പുറത്താണ് താൻ അത്തരത്തിലൊരു പരാതി കൊടുത്തതെന്നും സിനിമയുടേയും നടന്റേയും പേര് പുറത്ത് വരരുതെന്ന് പറഞ്ഞിരുന്നെന്നും എന്നാൽ ആ പേരുകളെല്ലാം ലീക്കായതിന് പിന്നിൽ ആരാണെന്ന് അറിയില്ലെന്നും പറയുകയാണ് വിൻസി. ആ പരാതി വേണ്ടിയിരുന്നോ എന്നൊരു ചിന്ത ഇപ്പോഴുമുണ്ടെന്നും പരാതിയില്‍ പറഞ്ഞ ആളുടെ കുടുംബത്തെപ്പോലും അത് മോശമായി ബാധിച്ചുവെന്നും ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടി പറയുന്നു.
വിൻസിയുടെ വാക്കുകൾ..
‘ഞാന്‍ ചില തീരുമാനങ്ങള്‍ എടുത്തിരുന്നു. ആരില്‍ നിന്നാണോ മോശം അനുഭവം ഉണ്ടായത് ആ വ്യക്തിയ്‌ക്കൊപ്പം ഇനി അഭിനയിക്കില്ല എന്നൊക്കെ തീരുമാനിച്ചു. അതിന്റെ കാരണവും വ്യക്തമാക്കി. അതിനെക്കുറിച്ച് പല കമന്റുകളും വന്നപ്പോള്‍ എന്റെ ഭാഗം വ്യക്തമാക്കി ഒരു വിഡിയോ ചെയ്തു. അതുവരെ ഞാന്‍ ശരിയായിരുന്നു. പിന്നീട് പലതരം സമ്മര്‍ദങ്ങളുണ്ടായി. എന്നെക്കൊണ്ട് നിര്‍മാതാക്കളുടെ സംഘടനയില്‍ പരാതി കൊടുപ്പിച്ചു. അത് വേണ്ടിയിരുന്നോ എന്നൊരു ചിന്ത ഇപ്പോഴുമുണ്ട്”
സിനിമയുടേയും നടന്റേയും പേര് പുറത്ത് വരരുതെന്ന് പരാതിയില്‍ പറഞ്ഞിരുന്നു. പക്ഷെ ആ പേരുകളെല്ലാം ലീക്കായി. ആരാണ് അതിന് പിന്നിലെന്ന് അറിയില്ലെന്നും അത് വേണ്ടിയിരുന്നില്ല.
എനിക്ക് വേണമെങ്കില്‍ തന്റെ മാത്രം പ്രശനമാണെന്ന് കരുതി മാറി നില്‍ക്കാമായിരുന്നു. ഒരു മാറ്റത്തിന് കാരണമാകുന്നെങ്കില്‍ ആകട്ടെ എന്നു കരുതിയാണ് മുന്നോട്ട് പോയത്. പക്ഷെ പ്രതീക്ഷിച്ചത് പോലെയല്ല സംഭവിച്ചത്. പരാതിയില്‍ പറഞ്ഞ ആളുടെ കുടുംബത്തെപ്പോലും അത് മോശമായി ബാധിച്ചു. സോഷ്യല്‍ മീഡിയയില്‍ നിന്നും അവര്‍ക്ക് അധിക്ഷേപം നേരിടേണ്ടി വന്നു. അതിന് താനൊരു കാരണമായല്ലോ എന്ന കുറ്റബോധം ഇപ്പോഴുമുണ്ട്..








