ചെയ്ത പടങ്ങൾ ഒട്ടുമിക്കതും ഹിറ്റും ബ്ലോക്ക് ബസ്റ്ററും ആക്കിയ ആളെന്നാണ് പൊതുവെ നടി അനശ്വര രാജനെ മലയാളികൾ അഭിസംബോധന ചെയ്യാറുള്ളത്. 2017ൽ ഉദാഹരണം സുജാതയിലൂടെ മഞ്ജു വാരിയറുടെ മകളായി മലയാള സിനിമയിൽ കയറി വന്ന് പിന്നീട് തണ്ണീർമത്തൻ ദിനങ്ങളിലും സൂപ്പർ ശരണ്യയിലുമൊക്കെ തിളങ്ങി നടി ഓസ്‌ലറിലും, നേരിലും രേഖാചിത്രത്തിലുമൊക്കെ എത്തിനിൽക്കുമ്പോൾ മലയാളികൾക്ക് അത്ഭുതമാണ്. അനശ്വരയുടെ ആദ്യകാല പടങ്ങളിൽ നിന്നും നടി എത്രമാത്രം വളർന്നുപോയി! ഇപ്പോഴിതാ സാധാരാണ രക്ഷിതാക്കൾ അവരുടെ പെൺകുട്ടികൾക്ക് നൽകുന്ന പല ഉപദേശങ്ങളും തന്റെ അച്ഛനും അമ്മയും നൽകിയിട്ടില്ലെന്ന് പറയുകയാണ് അനശ്വര രാജൻ.
സ്വന്തം കാലിൽ നിൽക്കണമെന്ന് മാത്രമാണ് ചെറുപ്പം മുതൽ തന്റെ മാതാപിതാക്കൾ തനിക്ക് നൽകിയ ഒരേയൊരു ഉപദേശം. പെൺകുട്ടികൾക്ക് പൊതുവെ വീട്ടിൽ നിന്നും ഉപദേശിച്ചു നൽകാറുള്ള പോലെ മറ്റൊരു വീട്ടിൽ പോകാനുള്ള ആളാണെന്നോ വീട്ടുജോലി ചെയ്യണമെന്നോ തന്നോട് പറഞ്ഞിട്ടില്ലെന്നും താരം പറയുന്നു.
സ്കൂളിൽ പഠിക്കുന്ന സമയം മുതൽ തന്റെയും ചേച്ചിയുടെയും എല്ലാ കാര്യങ്ങളും അച്ഛന് നന്നായി അറിയാം. തന്റെ പീരിഡ്സ് ഡേറ്റ് പോലും അച്ഛന് അറിയാമെന്നുംഎന്നാൽ താൻ പോലും ചിലപ്പോൾ മറക്കാറുണ്ടെന്നും താരം പറയുന്നു. ആ സമയത്ത് വേദനയൊക്കെ വരുമ്പോൾ അടുത്ത കടയിലേക്ക് ഓടിപോയി ഫ്രൂട്സെല്ലാം വാങ്ങിവന്ന് തന്നെ കൊണ്ട് കഴിപ്പിക്കുന്ന അച്ഛന്റെ ഓർമയും താരം പങ്കുവെച്ചു.
ജീവിക്കണമെങ്കിൽ ജോലി ചെയ്യുക, സമ്പാദിക്കുക എന്നൊക്കെയാണ് അച്ഛനും അമ്മയും എപ്പോഴും തന്നോട് പറഞ്ഞത്. തന്റെ വീട്ടിൽ വൃത്തിയാക്കൽ ജോലിയായാലും പാചകമായാലും അമ്മയോടൊപ്പം അച്ഛനും ചെയ്യും.അത് കണ്ടാണ് ചേച്ചിയും താനും വളർന്നത് എന്നും താരം മനസ്സ് തുറന്നു.