അറിവിന്റെ പുതു വെളിച്ചത്തിലേക്ക് ഇബ്രാഹിമും; പത്താംതരം തുല്യതാ പരീക്ഷ എഴുതാനൊരുങ്ങി 62കാരൻ
ഇന്ന് (ഓഗസ്റ്റ് 16ന്) ആരംഭിക്കുന്ന സാക്ഷരതാമിഷന്റെ പത്താം തരം തുല്യതാ പരീക്ഷയിൽ ചാവക്കാട് സ്വദേശിയായ ഇബ്രാഹിം എന്ന 62കാരനുമുണ്ട്. ചെറുപ്പത്തിൽ തന്നെ കുടുംബ ഭാരം ഏൽക്കേണ്ടി വന്നതിനാൽ പതിനാലാമത്തെ വയസ്സിൽ ജോലിക്ക് വേണ്ടി മണലാരണ്യത്തിലേക്ക് പോയതാണ് ചാവക്കാട് ഒരുമനയൂർ സ്വദേശി വി കെ ഇബ്രാഹിം. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഏഴാം ക്ലാസിൽ പഠനമെന്ന മോഹത്തിന് വിരാമമിട്ട് മൈനർ പാസ്‌പോർട്ടിൽ ഇബ്രാഹിം കടൽ കടന്നു. കുടുംബത്തെ രക്ഷിക്കാനുള്ള പ്രതിവിധിയായി ഇബ്രാഹിം കണ്ടെത്തിയത് തന്റെ 40 വർഷക്കാലത്തെ പ്രവാസ ജീവിതമായിരുന്നു.
ആദ്യം മാതാപിതാക്കൾ, സഹോദരങ്ങൾ എന്നിവർക്ക് വേണ്ടിയായിരുന്നുവെങ്കിൽ പിന്നീട് ഭാര്യയ്ക്കും നാല് മക്കൾക്ക് വേണ്ടി പ്രവാസ ജീവിതം തുടർന്നു. 40 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി 3 വർഷം മുൻപ് നാട്ടിൽ തിരിച്ചെത്തിയ ഇബ്രാഹിമിന് പഠിക്കാൻ കഴിയാത്തതിലുള്ള വിഷമമായിരുന്നു 60ആം വയസ്സിലും. ആദ്യം കേട്ടവരൊക്കെ തമാശയായി കരുതിയെങ്കിലും പഠിക്കണം എന്ന മോഹം ഇബ്രാഹിം പിന്നേയും പ്രകടമാക്കി. തുടർന്ന് സുഹൃത്തുക്കൾ പറഞ്ഞാണ് സാക്ഷരതാ മിഷന്റെ തുല്യതാ പഠനത്തെ കുറിച്ച് ഇബ്രാഹിം അറിയുന്നത്. ചാവക്കാട് നഗരസഭയിലെ മണത്തല ജി.എച്ച്.എസ്.എസിൽ ചേർന്ന് ഏഴാം തരം പാസ്സായി. പത്താംതരം തുല്യതയ്ക്ക് ചേരുകയും ഇന്ന് (ഓഗസ്റ്റ് 16) തുടങ്ങുന്ന പരീക്ഷ എഴുതാൻ കാത്തിരിക്കുകയുമാണ് ഇബ്രാഹിം.
തന്റെ സന്തോഷത്തിന് പകരം വെക്കാൻ മറ്റൊന്നിനുമാവില്ല എന്ന് ഇബ്രാഹിം പറയുന്നു. “ഇത്രയും നാളും കുടുംബത്തിനും മക്കൾക്കും വേണ്ടി സന്തോഷത്തിൽ തന്നെയാണ് ജീവിച്ചത്. എങ്കിലും ഇത് എനിക്ക് വേണ്ടി ഞാൻ ജീവിക്കുന്നതാണ്” എന്നാണ് ഇബ്രാഹിമിന്റെ വാക്കുകൾ. തുടർന്നും ഉപരിപഠന സാധ്യതകൾ കണ്ടെത്തുമെന്നും കൂടാതെ കംപ്യൂട്ടർ പഠിക്കാനും ആഗ്രഹിക്കുന്നതായി ഈ 62കാരൻ പറയുന്നു. സമൂഹത്തിന് വേണ്ടി പറ്റുന്ന നല്ല കാര്യങ്ങളൊക്കെ ചെയ്യണം. പഠിക്കാൻ തുടങ്ങിയപ്പോൾ ചെറുപ്പമായി എന്നാണ് ഇബ്രാഹിം പറയുന്നത്. ഇപ്പോൾ ഓൺലൈനായി ബിസിനസ്സ് ചെയ്യുന്നുണ്ട്. വലിയ കൊട്ടുക്കൽ മുഹമ്മദാലിയുടെയും ആമിനയുടെയും മകനാണ് ഇബ്രാഹിം. ഭാര്യ അസ്മാബി.