Spread the love

ഇന്ത്യൻ തൊഴിലാളികൾക്ക് ഐസിബിഎഫിന്റെ കരുതൽ സ്പർശം;ബോധവൽക്കരണ ക്യാംപെയ്‌നുകൾ സജീവം.


ദോഹ: ദോഹയിലെ ഇന്ത്യൻ തൊഴിലാളികൾക്കിടയിൽ ഇന്ത്യൻ കമ്യൂണിറ്റി ബനവലന്റ് ഫോറ(ഐസിബിഎഫ്)ത്തിന്റെ ബോധവൽക്കരണ ക്യാംപെയ്‌നുകൾ സജീവം. ഇന്ത്യൻ എംബസി എപ്പെക്‌സ് സംഘടനയായ ഐസിബിഎഫിന്റെ ലൈഫ് ഇൻഷുറൻസ് പദ്ധതിയെക്കുറിച്ചാണ് പ്രധാനമായും തൊഴിലാളികൾക്കിടയിൽ സമഗ്ര ബോധവൽക്കരണം നടക്കുന്നത്.
ഇതിന് പുറമെ നിയമസഹായങ്ങൾ നൽകുന്ന ലീഗൽ ക്ലിനിക്ക്, തൊഴിലാളികളുടെ ആരോഗ്യം ഉറപ്പാക്കാൻ യോഗ പരിശീലിക്കേണ്ടതിന്റെ പ്രാധാന്യം, മാനസിക സമ്മർദം കുറയ്ക്കുന്നതിനുള്ള കൗൺസിലിങ് സഹായങ്ങൾ എന്നിവ സംബന്ധിച്ചുമുള്ള ബോധവൽക്കരണവും നടത്തുന്നുണ്ട്.
എംബസിയുടെ കോൺസുലർ ക്യാംപുകളിലും ഐസിബിഎഫിന്റെ പങ്കാളിത്തവും സഹകരണവും സമഗ്രമാണ്.ഒറ്റത്തവണ 125 റിയാൽ അടച്ചാൽ രണ്ടു വർഷത്തേക്കുള്ള ലൈഫ് ഇൻഷുറൻസ് കവറേജ് നൽകുന്നതാണ് ലൈഫ് ഇൻഷുറൻസ് പദ്ധതി. ഒരു ലക്ഷം റിയാൽ ആണ് ഇൻഷുറൻസ് തുക. 2020 ജനുവരി ഒന്നിന് ആരംഭിച്ച പദ്ധതിക്ക് ഇതിനകം മികച്ച സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം തൊഴിലാളികൾക്കായി ഇൻഡസ്ട്രിയൽ ഏരിയയിലെ അൽ കൗൻ ഗ്രൂപ്പ് ക്യാംപിൽ നടത്തിയ പ്രത്യേക കമ്യൂണിറ്റി ബോധവൽക്കരണ ക്യാംപിൽ ഒട്ടേറെ തൊഴിലാളികൾ പങ്കെടുത്തു. ഐസിബിഎഫിന്റെ പ്രവർത്തനങ്ങൾ, സംരംഭങ്ങൾ, ലൈഫ് ഇൻഷുറൻസ് പദ്ധതി, യോഗ എന്നിവ സംബന്ധിച്ചാണ് ബോധവൽക്കരണം നൽകിയത്. എല്ലാ വാരാന്ത്യങ്ങളിലും ബോധവൽക്കരണ ക്യാംപുകൾ നടക്കുന്നുണ്ട്.
നിശ്ചിത ഇടവേളകളിൽ നടത്തുന്ന ലീഗൽ ക്ലിനിക്ക് കോവിഡ് സാഹചര്യങ്ങളെ തുടർന്ന് സൂം വേദിയിലാണ് ഇപ്പോൾ നടക്കുന്നത്. ഈ വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് നടക്കുന്ന ലീഗൽ ക്ലിനിക്കിൽ പങ്കെടുക്കാൻ 7000 8243 എന്ന നമ്പറിലോ icbfqatar@gmail.com എന്ന ഇ- മെയിൽ വിലാസത്തിലോ ബന്ധപ്പെടണം. മുൻകൂട്ടി റജിസ്റ്റർ ചെയ്യുന്നവർക്കാണ് സേവനം ലഭിക്കുക.തൊഴിലാളികൾക്ക് നിയമപരമായ സംശയങ്ങൾക്കും സഹായങ്ങൾക്കും ഐസിബിഎഫിന്റെ ലീഗൽ ക്ലിനിക്കിനെ സമീപിക്കാമെന്നും അധികൃതർ അറിയിച്ചു.

Leave a Reply