വാഴപ്പഴം ഉരിഞ്ഞാൽ ഒരുനിമിഷം പോലും വൈകാതെ പഴത്തൊലി വലിച്ചെറിയുന്നവരാണ് നമ്മൾ. എന്നാൽ പഴത്തേക്കാൾ ഗുണങ്ങൾ പഴത്തൊലിയിൽ ഉണ്ടെങ്കിലോ..? പഴത്തൊലിയിലും ധാരാളം പോഷകങ്ങളും ഫൈറ്റോ ന്യൂട്രിയന്റ്സും അടങ്ങിയിട്ടുണ്ട്. ഇവ നമ്മുടെ ചർമ്മ സംരക്ഷണത്തിനും മുടികൊഴിച്ചിൽ സംബന്ധമായ പ്രശ്നങ്ങൾക്കും ഉത്തമ പരിഹാരമാണ്. ഇനിമുതൽ പഴം കഴിക്കുമ്പോൾ പഴത്തൊലി കളയാതെ എടുത്തുവച്ചോളു. പരീക്ഷിക്കാൻ ചില പൊടിക്കൈകൾ പരിചയപ്പെടാം
1. പഴത്തൊലി കൊണ്ട് മുഖത്തെ ചർമ്മത്തിൽ മസാജ് ചെയ്യാം. വരണ്ട ചർമ്മം ചുളിവുകൾ എന്നിവ മാറാൻ ഇത് സഹായിക്കും
2. പഴത്തൊലി ഫെയ്‌സ് മാസ്ക് ആയി ഉപയോഗിക്കാം. ഇതിൽ വിറ്റാമിൻ B6, B12 എന്നിവയും ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ പഴത്തൊലി ചർമ്മത്തിലെ നിരവധി പ്രശനങ്ങളെ ഇല്ലാതാക്കാൻ സഹായിക്കും. ഫെയ്‌സ് മാസ്ക് നിർമ്മിക്കാൻ പഴത്തൊലി ചെറുതായി അരിഞ്ഞ് പാലുമായി ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ആവശ്യാനുസരണം തേനും തൈരും ചേർത്ത് മുഖത്ത് പുരട്ടാം. ഉണങ്ങിക്കഴിഞ്ഞ് ശുദ്ധമായ വെള്ളത്തിൽ മുഖം കഴുകണം
3. പഴത്തൊലി നല്ലൊരു പ്രകൃതിദത്ത എക്സ്ഫോളിയേറ്റർ ആയി പ്രവർത്തിക്കും. ചർമ്മത്തിലെ പഴയ കോശങ്ങൾക്ക് പകരം പുതിയ കോശങ്ങൾ വരാൻ പഴത്തൊലി കൊണ്ട് മുഖം സ്ക്രബ്ബ് ചെയ്യുന്നത് നല്ലതാണ്. ഇതിനായി പഴത്തൊലി ചെറുതായി നുറുക്കി മഞ്ഞൾപ്പൊടി, പഞ്ചസാര, തേൻ എന്നിവയുമായി ചേർത്ത് മുഖത്ത് സ്ക്രബ്ബ് ചെയ്യാം. അരമണിക്കൂറിന് ശേഷം ചെറു ചൂടുവെള്ളത്തിൽ മുഖം കഴുകണം.
4. തലയിലെ താരനുള്ള പരിഹാരവും പഴത്തൊലിയിലുണ്ട്. പഴത്തൊലിയും തേങ്ങാപ്പാലുമായിച്ചേർത്ത മിശ്രിതം ഉണ്ടാക്കുക. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ തൈര് ചേർത്ത ശേഷം ഇത് തലയോട്ടിയിലും മുടിയിലും നന്നായി തേയ്ച്ച് പിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.