മാങ്കുളം: ഇടുക്കി ഡാം തുറന്നു. വെള്ളം പുറത്തേക്ക് ഒഴുകിത്തുടങ്ങി. 2018-ലെ പ്രളയത്തിനുശേഷം ഇതാദ്യമായാണ് ഡാം തുറന്നത്. ഡാമിന്റെ 2,3,4, ഷട്ടറുകളാണ് തുറന്നത്. 2403 അടി പരമാവധി ശേഷിയുള്ള ഇടുക്കി ഡാമില്‍ ചൊവ്വാഴ്ച രാവിലെ 2397.86 അടിയില്‍ ജലനിരപ്പ് എത്തിയതോടെ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിരുന്നു.
രാവിലെ 11-ന് ചെറുതോണി ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ 35 സെന്റിമീറ്റര്‍ വീതം തുറന്ന് സെക്കന്‍ഡില്‍ 100 ഘനമീറ്റര്‍ അളവില്‍ വെള്ളമാണ് ഒഴുക്കുന്നത്. താഴെ പെരിയാര്‍ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കാന്‍ ജില്ലാ ഭരണകൂടം നേരത്തെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2398.02 അടി പരമാവധി സംഭരിക്കാന്‍ അനുമതിയുണ്ടെങ്കിലും ആ അളവില്‍ ജലനിരപ്പ് നിയന്ത്രിച്ച് നിര്‍ത്തണമെങ്കില്‍ ചുവപ്പ് ജാഗ്രത കഴിഞ്ഞാല്‍ ഷട്ടറുകള്‍ തുറക്കും. മഴ കുറഞ്ഞാല്‍ തുറന്നുവിടുന്ന ജലത്തിന്റെ അളവ് കുറയ്ക്കും.
1981, 1992 വർഷങ്ങളിലാണ് കേരളത്തിലെ ഏറ്റുവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി ഡാമിൻ്റെ ചെറുതോണി അണക്കെട്ടിൻ്റെ ഷട്ടറുകൾ ഉയർത്തിയത്. 2018ലെ പ്രളയകാലത്തും ഡാമിലെ ഷട്ടറുകൾ ഉയർത്തിയിരുന്നു. ഇടുക്കി പദ്ധതിയുടെ ഭാഗമായ ചെറുതോണി ഡാമില്‍ മാത്രമേ വെള്ളം തുറന്നുവിടാനുള്ള ഷട്ടര്‍ സംവിധാനമുള്ളൂ. ഇടുക്കി ആര്‍ച്ച് ഡാമിനും പദ്ധതിയിലെ മൂന്നാമത്തെ അണക്കെട്ടായ കുളമാവ് ഡാമിനും ഷട്ടറുകളില്ല.