Spread the love

ഇന്റർവ്യൂ സ്റ്റാർ എന്ന ഒറ്റ ടാഗ് മതി മലയാളികൾക്ക് ഞൊടിയിടയ്ക്കുള്ളിൽ നടനും സംവിധായകനും തിരക്കഥാ കൃത്തുമായ ധ്യാൻ ശ്രീനിവാസനെ ഓർത്തെടുക്കാൻ. കുറിക്കു കൊള്ളുന്ന മറുപടിയും നർമത്തിലൂടെ ആളുകളെ പിടിച്ചിരുത്തുന്ന വാചക കസർത്തുമാണ് താരത്തിന് ഇത്രവലിയ സ്വീകാര്യത മലയാളികൾക്കിടയിൽ നേടിക്കൊടുത്തത്. പിന്തുണ മാത്രമല്ല ഇതേ വാചക കസർത്തുകളുടെ പേരിൽ നിരവധി വിമർശനങ്ങളും താരം പല വിഷയങ്ങളിലും നേരിട്ടിട്ടുണ്ട്. എന്നാൽ തന്റെ സംസാര രീതികളോ നിലപാടുകളോ മാറ്റാൻ ധ്യാൻ ഒരിക്കലും തയ്യാറായിട്ടില്ല. ഇപ്പോഴിതാ അറിയാത്ത കാര്യത്തെക്കുറിച്ച് ഒരു ആരോപണം ആരെങ്കിലും ഉന്നയിച്ചാൽ എങ്ങനെ പ്രതികരിക്കണം എന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യവും താരം നൽകിയ ഉത്തരവുമാണ് വൈറൽ ആകുന്നത്.

“നമ്മളെക്കുറിച്ച് ആരെങ്കിലും ഒരു ആരോപണം പറഞ്ഞാൽ അത് എഐ ആണെന്ന് പറഞ്ഞാൽ മതി”, എന്നായിരുന്നു ധ്യാൻ ശ്രീനിവാസന്റെ പ്രതികരണം. എന്നാൽ ഇക്കഴിഞ്ഞ ദിവസം നടൻ അജ്മൽ അമീറിന്റേതെന്ന പേരിൽ ചില വിഡിയോ കോൾ ദൃശ്യങ്ങളും ശബ്ദ സന്ദേശങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്ന സംഭവവുമായും ഇതിനു നടൻ നൽകിയ പ്രതികരണവുമായി ചേർത്ത് വായിക്കുകയാണ് ധ്യാനിന്റെ പ്രതികരണത്തെയിപ്പോൾ സോഷ്യൽ മീഡിയ നിവാസികൾ.

വാട്സ്ആപ്പ് കോൾ റെക്കോർഡ് ചെയ്തതിന്റെ ഭാഗങ്ങളും ലൈംഗികചുവയോടെയുള്ള സംഭാഷണത്തിന്റെ ചില ഭാഗങ്ങളുമായിരുന്നു ഇക്കഴിഞ്ഞ ദിവസം അജ്മലിന്റെതായി പുറത്തുവന്നത്. ഇത് വിവാദമായതോടെ വിഡിയോ സന്ദേശങ്ങൾ എഐ നിർമിതമാണെന്നും തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് കൈകാര്യം ചെയ്ത മറ്റൊരാളാണെന്നും വിശദീകരിച്ചു കൊണ്ട് അജ്മൽ അമീർ രംഗത്തെത്തിയിരുന്നു. ഇതോടെയാണ് ആരോപണങ്ങളെ നേരിടാനുള്ള ഒരു പുതിയ ‘തന്ത്രം’ എന്ന നിലയിൽ ധ്യാൻപറഞ്ഞ കാര്യങ്ങൾ അജ്മലിനെ ഉദ്ദേശിച്ചെന്ന തരത്തിൽ പ്രചരിക്കുന്നത്.

Leave a Reply