Spread the love

കളമശേരി സർക്കാർ പോളിടെക്നിക്കിലെ മെൻസ് ഹോസ്റ്റലിൽ നിന്നും 2 കിലോയോളം കഞ്ചാവ് ശേഖരം പിടിച്ചതിന്റെ വാർത്ത ഞെട്ടലോടെയാണ് കേരള സമൂഹം കണ്ടത്. പോലീസ് സ്ഥലത്തെത്തുമ്പോൾ വിദ്യാർഥികൾ കഞ്ചാവ് അളന്നു തൂക്കി ചെറിയ പാക്കറ്റുകളിൽ ആക്കുന്ന തിരക്കിലായിരുന്നു. സേനയെ പോലും അമ്പരപ്പിക്കുന്ന തരത്തിൽ കഞ്ചാവ് വലിക്കുന്ന ഉപകരണങ്ങളും അളക്കാനുള്ള ത്രാസ് വരെ വിദ്യാർഥികളുടെ പക്കൽ ഉണ്ടായിരുന്നു. സംഭവം ഏതായാലും മുഖ്യധാരാ മാധ്യമങ്ങൾ ഏറ്റെടുത്തതോടെ പൊതുജനങ്ങളും മാതാപിതാക്കളും ആശങ്കയിലാണ്. സമൂഹത്തിൽ ലഹരി മരുന്ന് ഉപയോഗം സ്ഥിര സംഭവമായി മാറുന്ന കാഴ്ച ദുർബലമായ ശിക്ഷാ സംവിധാനത്തിന്റെ ബാക്കി പത്രമാണ് എന്നാണ് പലരും കുറ്റപ്പെടുത്തുന്നത്.

പോലീസ് പിടിച്ചാലും കൈമടക്ക് കൊടുത്തോ നിയമത്തിന്റെ നിസ്സാരമായി പുറത്തു കടക്കാവുന്ന പഴുതുകളിലൂടെയോ രക്ഷപ്പെടാമെന്ന ചിന്തയാണ് പലപ്പോഴും സമൂഹത്തിൽ ലഹരിമരുന്ന് ഉപയോഗം ക്രമാതീതമായി വർദ്ധിക്കുന്നതിന്റെ മുഖ്യകാരണം. എന്നാൽ മറ്റു രാജ്യങ്ങളിൽ പലപ്പോഴും വധശിക്ഷയ്ക്ക് പോലും കാരണമായേക്കാവുന്ന ഗുരുതര കുറ്റകൃത്യമാണ് മയക്കുമരുന്ന് ഉപയോഗം. അവ ഏതൊക്കെ രാജ്യങ്ങൾ ആണെന്ന് നോക്കാം..

മലേഷ്യ

മയക്കുമരുന്ന് ഉപയോഗം പോലുള്ള കാര്യങ്ങൾ ഗുരുതര കുറ്റകൃത്യമായി കാണുന്ന നിയമ സംവിധാനമാണ് മലേഷ്യ. മദ്യപിച്ച് കാർ ഓടിച്ചാൽ തന്നെ വലിയ ശിക്ഷ ലഭിക്കും. വലിയവൻ എന്നോ ചെറിയവനെന്നോ സ്വാധീനമുള്ളവൻ എന്നോ സ്വാധീനം ഇല്ലാത്തവൻ എന്നോ വിദേശി എന്ന സ്വദേശി എന്നോ വ്യത്യാസമില്ലാതെ കുറ്റകൃത്യത്തിന് അനുസരിച്ച് വധശിക്ഷ വരെ ലഭിച്ചേക്കാം.

ചൈന

മയക്കുമരുന്ന് അടക്കമുള്ള കുറ്റകൃത്യങ്ങളോട് കർശന നടപടി സ്വീകരിക്കുന്ന നിയമ സംവിധാനമാണ് ചൈനയുടേത്. മയക്കുമരുന്നുമായി ഒരാൾ പിടിക്കപ്പെട്ടാൽ അയാൾ തീർന്നുഎന്നു തന്നെ കരുതാം. സർക്കാർ ഉടമസ്ഥതയിലുള്ള പുനരധിവാസ കേന്ദ്രത്തിൽ നിശ്ചിത സമയം ചിലവഴിക്കേണ്ടി വരും. വധശിക്ഷ കഠിനമായ ശിക്ഷാരീതിയാണ് ഇവിടുത്തെ പ്രത്യേകത. ഇവിടെനിന്നും ശിക്ഷാ കാലാവധി പൂർത്തിയാക്കി പുറത്തിറങ്ങുന്നവർ പിന്നീട് ഒരിക്കലും ലഹരി ഉപയോഗിക്കില്ല എന്നതാണ് ശിക്ഷയുടെ ഭീകരത.

വിയറ്റ്നാം

കമ്യൂണിസ്റ്റ് രാജ്യമായ വിയറ്റ്‌നാമിലും മയക്കുമരുന്ന് കടത്തിനെ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. 1.3 പൗണ്ടിൽ കൂടുതൽ മയക്കുമരുന്ന് പിടികൂടുകയാണെങ്കിൽ ആ വ്യക്തിക്ക് വധ ശിക്ഷ ഉറപ്പാണ്.

ഇറാൻ

ക്രിമിനൽ കുറ്റങ്ങളോട് ഒരുമയവും കാണിക്കാത്ത ഇറാനിൽ അതിനെക്കാൾ ഗൗരവത്തോടെയാണ് മയക്കുമരുന്ന് കടത്തിനെയും ഉപയോഗത്തിനെയും കാണുന്നത്. ദൈവനിന്ദ, രാജ്യദ്രോഹം എന്നിവ കൈകാര്യം ചെയ്യുന്ന ഇസ്ലാമിക് റെവല്യൂഷണറി കോടതിയുടെ അധികാര പരിധിയിലാണ് മയക്കുമരുന്ന് കടത്തും ഉപയോഗവും ഉൾപ്പെടുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ വധശിക്ഷ നടപ്പാക്കുന്നതിൽ രണ്ടാം സ്ഥാനത്തുള്ള ഇറാനിൽ വധശിക്ഷതന്നെയാണ് മയക്കുമരുന്ന് കേസുകൾക്കും ലഭിക്കുന്നത്. തീരെ കുറഞ്ഞ അളവിലാണെങ്കിലും ശിക്ഷയിൽ കാര്യമായ കുറവൊന്നും ഉണ്ടാവില്ല.

യു എ ഇ

യുഎഇ യും മയക്കുമരുന്ന് അടക്കമുള്ള കുറ്റകൃത്യങ്ങളോട് കർശന നടപടി സ്വീകരിക്കുന്ന രാജ്യമാണ്. ലോകത്തിന്റെ മറ്റുപല ഭാഗങ്ങളിലും ഡോക്ടർമാർ എഴുതുന്ന ചില കുറിപ്പടികൾ പോലും യുഎഇയിൽ നിരോധിതമാണ്. ഇവ നിയമവിരുദ്ധമായി ഉപയോഗിക്കുന്നത് കണ്ടാൽ മയക്കുമരുന്ന് ഉപയോഗത്തിന് ലഭിക്കുന്ന അതേ ശിക്ഷ തന്നെ ലഭിക്കും. ഒരുപക്ഷേ പിടികൂടുമ്പോൾ കൈവശം ഇല്ലെങ്കിൽ പോലും പരിശോധനയിൽ കഴിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയാൽ വലിയ ശിക്ഷ തന്നെ നേരിടേണ്ടി വരും.

സൗദി അറേബ്യ

സൗദി അറേബ്യയിലെ മയക്കുമരുന്ന് വിൽപ്പനക്കാർക്ക് മിക്കപ്പോഴും വധശിക്ഷയാണ് നൽകുന്നത്.രാജ്യത്ത് മദ്യപാനം നിയമവിരുദ്ധമാണ്, മദ്യമോ മയക്കുമരുന്നോ കൈവശം വയ്ക്കുന്നതിനോ ഉപയോഗിക്കുന്നതിനോ പരസ്യമായി ചാട്ടവാറടി, പിഴ, നീണ്ട തടവ് അല്ലെങ്കിൽ വധശിക്ഷയോ ലഭിച്ചേക്കാം.

Leave a Reply