ട്രാഫിക് നിയമലംഘനങ്ങൾക്ക് ചുമത്തുന്ന പിഴത്തുക അടയ്‌ക്കാത്തവരുടെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള ആലോചനയിൽ കേന്ദ്രം. ഇ-ചലാൻ ലഭിച്ച് മൂന്നു മാസത്തിനകം പിഴത്തുക അടച്ചില്ലെങ്കിലാണ് ഈ നടപടി നേരിടേണ്ടിവരുന്നത്. ഒരു സാമ്പത്തികവർഷം മൂന്ന് ഇ-ചലാനുകൾ അവഗണിക്കുന്നവരുടെ ലൈസൻസ് കണ്ടുകെട്ടിയേക്കും.90 ദിവസത്തിനകം പിഴയടച്ചില്ലെങ്കിൽ കരിമ്പട്ടികയിൽപ്പെടുത്തുന്നതാണ് നിലവിലെ രീതി. ഇതാണ് ഡ്രൈവിംഗ് ലൈസൻസോ, ആർ.സിയോ റദ്ദാക്കുന്ന തരത്തിലേക്ക് നീങ്ങുന്നത്. പിഴത്തുക അവഗണിക്കുകയും നിയമലംഘനം ആവർത്തിക്കുകയും ചെയ്യുന്ന പ്രവണത വ്യാപകമായ പശ്ചാത്തലത്തിലാണ് കർശന നടപടിക്ക് നീക്കം. ഇതിനായി മോട്ടോർ വാഹന നിയമങ്ങളിലും ചട്ടങ്ങളിലും മാറ്റം വരുത്തേണ്ടിവരും. ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെ ഗതാഗത മാനേജ്മെന്റ് കർശനമാക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു
രണ്ട് ഇ – ചലാനുകളിൽ പിഴയടയ്‌ക്കാനുണ്ടെങ്കിൽ വണ്ടിയുടമയിൽ നിന്ന് ഉയർന്ന ഇൻഷ്വറൻസ് പ്രീമിയം ഈടാക്കുന്നതും പരിഗണിക്കുന്നു. ഇൻഷ്വറൻസ് കമ്പനികളുമായി കൂടിയാലോചനകൾ തുടങ്ങിയെന്നാണ് സൂചന.
പണം അടയ്ക്കുംവരെ സന്ദേശങ്ങൾ
പിഴ വിവരം അറിയാറില്ലെന്നും ആർ.ടി. ഓഫീസിൽ ബന്ധപ്പെടുമ്പോൾ മാത്രമാണ് ഇക്കാര്യം അറിയുന്നതെന്നും പരാതി ശക്തമാണ്. അതിനാൽ,പണം അടയ്‌ക്കുംവരെ വാഹന ഉടമയുടെയും ഡ്രൈവറുടെയും മൊബൈൽ നമ്പരുകളിലേക്ക് തുടർച്ചയായി മെസേജ് അയയ്ക്കാനുള്ള സംവിധാനം ഏർപ്പെടുത്തുന്നതും ആലോചിക്കുന്നുണ്ട്. ഇതിനായി വാഹന ഉടമകളും ഡ്രൈവർമാരും തങ്ങളുടെ മൊബൈൽ നമ്പർ പരിവാഹൻ വെബ്സൈറ്റിൽ അപ്‌ഡേറ്റ് ചെയ്യുന്ന തരത്തിൽ പുതിയ ക്രമീകരണം ഏർപ്പെടുത്തും.
പിഴയടയ്‌ക്കുന്നത് 40% പേർ മാത്രം
ഇ-ചലാനുകൾ നൽകുന്ന കേസുകളിൽ 40.25 ശതമാനം പേർ മാത്രമാണ് പിഴ അടയ്‌ക്കുന്നത്
31.1 കോടി: രാജ്യത്താകെ 2025 വരെനൽകിയ ഇ-ചലാനുകൾ
40,548 കോടി: ഇ-ചലാനുകൾ വഴിചുമത്തിയ പിഴ16324 കോടി: പിരിഞ്ഞുകിട്ടിയ പിഴ76%: രാജസ്ഥാനിൽപിരിഞ്ഞുകിട്ടുന്ന പിഴ(രാജ്യത്ത് ഒന്നാം സ്ഥാനം)29%: ഒഡിഷയിൽ പിരിഞ്ഞുകിട്ടുന്ന പിഴ(രാജ്യത്തെ ഏറ്റവും കുറവ്)#
എന്താണ് ഇ-ചലാൻ
ട്രാഫിക് ഫൈനുകളുടെ കമ്പ്യൂട്ടർവത്കൃത രൂപമാണ് ഇ- ചലാൻ .ഇത് രജിസ്റ്റേർഡ് മൊബൈൽ ഫോണിലേക്ക് വരും.//echallan.parivahan.gov.in/index/accused-challan എന്ന സൈറ്റിൽ കയറി തുക അടയ്‌ക്കാം. അക്ഷയ കേന്ദ്രങ്ങൾവഴിയും അടയ്ക്കാം. ട്രാഫിക് പൊലീസ് സ്റ്റേഷനുകളിൽ സജ്ജമാക്കിയിട്ടുള്ള കൗണ്ടറുകളിലെത്തി നേരിട്ടും പണം അടയ്ക്കാം.
ഇ-ചലാനെ ചോദ്യംചെയ്യാം
അമിതവേഗത,റെഡ് സിഗ്നൽ അവഗണിച്ച് കുതിക്കുക തുടങ്ങിയ ട്രാഫിക് നിയമലംഘനങ്ങൾക്ക് മൂന്നുദിവസത്തിനകം ഡ്രൈവർക്കോ, വാഹനയുടമയ്‌ക്കോ ഇ-ചലാൻ അയക്കും. 30 ദിവസത്തിനകം പണം അടയ്‌ക്കുകയോ, നിയമനടപടി സ്വകരിക്കുകയോ ചെയ്യണം. //echallan.parivahan.gov.in/gsticket/ എന്ന പരിവാഹൻ വെബ്സൈറ്റിൽ പരാതി നൽകാം. നിയമനടപടി സ്വീകരിച്ചില്ലെങ്കിൽ കുറ്റം സമ്മതിച്ചതായി കണക്കാക്കും.