Spread the love

കോഴിക്കോട്∙ കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള അന്തർധാര ഇല്ലായിരുന്നെങ്കിൽ, 2016ലെ നിയമസഭാ തിര‍ഞ്ഞെടുപ്പിൽ താൻ ഉൾപ്പെടെ ഏഴ് എൻഡിഎ പ്രതിനിധികൾ നിയമസഭയിൽ എത്തുമായിരുന്നുവെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം ശോഭ സുരേന്ദ്രൻ. ഇരു കൂട്ടരും ഇതുവരെ കേരളത്തിൽ ഒരുമിച്ചു മത്സരിച്ചിട്ടില്ലെന്നു മാത്രമേയുള്ളൂവെന്നും, അന്തർധാര സജീവമാണെന്നും ശോഭ സുരേന്ദ്രൻ ആരോപിച്ചു. 2016ലെ തിരഞ്ഞെടുപ്പിൽ ഏഴ് എൻഡിഎ നേതാക്കളെ രണ്ടാം സ്ഥാനത്താക്കി പരാജയപ്പെടുത്തിയത് ഇരു കൂട്ടരും തമ്മിലുള്ള ധാരണയുടെ പുറത്താണെന്നാണ് ശോഭ സുരേന്ദ്രന്റെ ആരോപണം. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ എക്സാലോജിക് എന്ന കമ്പനിയുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുണ്ടെന്ന് ശോഭ വ്യക്തമാക്കി. എല്ലാം മറനീക്കി പുറത്തുവരുമ്പോൾ ഇവർ ഒന്നടങ്കം ജയിലിൽ പോകുമെന്നും ശോഭ സുരേന്ദ്രൻ വ്യക്തമാക്കി.‘‘സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും അഖിലേന്ത്യാ നേതൃത്വങ്ങൾ തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ ഈ അന്തർധാര പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഇവിടെ മാത്രം കോൺഗ്രസും സിപിഎമ്മും ഒന്നായി ചേർന്ന് ഇതുവരെ മത്സരിച്ചിട്ടില്ല എന്നേയുള്ളൂ. എല്ലാ മേഖലകളിലും ഇവർ തമ്മിൽ സൗഹൃദമുണ്ട്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനും അഞ്ച് വർഷം മുൻപ് ഏഴു നിയമസഭാ സീറ്റുകളിൽ ഞാൻ ഉൾപ്പെടെയുള്ള ഏഴു പേരെ രണ്ടാം സ്ഥാനത്താക്കി പരാജയപ്പെടുത്തിയത് ഈ അന്തർധാരയാണ്. അന്ന് ഇരു കൂട്ടരും തമ്മിലുള്ള അന്തർധാര ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ, കേരള നിയമസഭയ്ക്കുള്ളിൽ പല കാര്യങ്ങളും ഉന്നയിക്കാൻ ഞാൻ ഉൾപ്പെടെ എന്റെ ഏഴ് സഹപ്രവർത്തകർക്ക് പോകാൻ സാധിക്കുമായിരുന്നു. കേരളത്തിലെ പാവപ്പെട്ടവരും പാർശ്വവൽക്കരിക്കപ്പെട്ടവരും ഈ അന്തർധാരയെ പൊളിക്കുന്ന കാലം വരും. ഈ മുഖംമൂടി വച്ചുകൊണ്ട് ഏറെക്കാലം മുന്നോട്ടു പോകാൻ ഈ ഭരണ, പ്രതിപക്ഷത്തിനു കഴിയില്ല.’ – ശോഭ സുരേന്ദ്രൻ പറഞ്ഞു. രാത്രികാലങ്ങളിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ മുഖ്യമന്ത്രി പിണറായി വിജയന്റെ കാലു പിടിക്കാൻ പോകുന്നുവെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ആരോപണത്തിനും ശോഭ മറുപടി നൽകി. പിണറായി വിജയനെ കൊതുകു കടിക്കുന്നുണ്ടോ എന്നു നോക്കി അതു പെറുക്കിക്കൊടുക്കാൻ അദ്ദേഹത്തിന്റെ കാലിനടിയിലാണോ വി.ഡി.സതീശൻ ഉറങ്ങാറുള്ളത്? അങ്ങനെയാണെങ്കിൽ പിണറായിയുടെ കാലു പിടിക്കാൻ സുരേന്ദ്രൻ ചെന്നത് സതീശൻ കണ്ടിട്ടുണ്ടാകും. ഇവിടെ എന്താണ് നടക്കുന്നത് എന്നത് സതീശന് അറിയില്ല. അദ്ദേഹത്തിന് അറിയാമായിരുന്നെങ്കിൽ ഈ ക്യാമറ കേസിൽ കുടുംബക്കാരെ ഒന്നടങ്കം അകത്താക്കാമായിരുന്നല്ലോ. ഈ ഒറ്റക്കാര്യം മതിയായിരുന്നല്ലോ. ചില കേസുകൾ വരുമ്പോൾ ഇഡി വരണമെന്നും, ചില കേസുകൾ അന്വേഷിക്കാൻ സിബിഐ വേണമെന്നും ചില കേസുകൾ വരുന്ന സമയത്ത് ഇതൊന്നും വേണ്ടെന്നുമാണ് ഇവരുടെ നിലപാട്.’ – ശോഭ ചൂണ്ടിക്കാട്ടി.‘‘മാസപ്പടി വിവാദത്തിൽ വലിയ ചോദ്യങ്ങളുടെയൊന്നും ആവശ്യമില്ല. എല്ലാം മനസ്സിലായല്ലോ. വീണ പണം വാങ്ങിയിട്ടുണ്ട്. അച്ഛൻ വാങ്ങിയ പണത്തിന്റെ വിവരമുള്ള പേജ് കീറിപ്പോയിട്ടുണ്ട്. എന്താണ് ഇവിടെ നടന്നത് എന്നത് ജനങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ഇത് കേരളത്തിന്റെ നിയമസഭയിൽ പ്രതിപക്ഷത്തെക്കൊണ്ട് പറയിക്കാനുള്ള നിലപാട് ഇവിടുത്തെ ജനം എടുക്കുമോ എന്ന് നമുക്കു കാണാം. അതിനൊരു മറുപടി വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപായി വി.ഡി.സതീശന്റെ പാർട്ടിക്കു പറയേണ്ടി വരും.’

‘‘വീണാ വിജയന്റെ എക്സാലോജിക്കിനെക്കുറിച്ച് ഇപ്പോൾത്തന്നെ അന്വേഷണം നടക്കുന്നുണ്ട്. അത് ഇപ്പോഴും പുരോഗമിക്കുകയാണ്. എല്ലാം മറനീക്കി പുറത്തുവരുമ്പോൾ ഇവർ ഒന്നടങ്കം ജയിലിൽ പോകുന്ന സാഹചര്യം വരും. ഇവരെ എങ്ങനെയെങ്കിലും രക്ഷിക്കാനാണ് ഗോവിന്ദൻ മാഷും ഇ.പി.ജയരാജനുമെല്ലാം ശ്രമിക്കുന്നത്. ‘അത് ഒരു മോളല്ലേ’ എന്നാണ് ജയരാജന്റെ ചോദ്യം. ശരിയാണ്. ചില അന്വേഷണങ്ങൾ ജയരാജന്റെ വീടിന് അകത്തേക്കും നീണ്ടിട്ടുണ്ട്. ജയരാജന്റെ മകനിലേക്കും ഡൽഹിയിൽനിന്ന് അന്വേഷണം വരുന്നുണ്ട്. എത്ര കൈകോർത്ത് പിടിച്ചാലും ഒരുനാൾ ഇവരുടെ മുഖംമൂടി ജനങ്ങൾക്കു മുന്നിൽ വലിച്ചു കീറപ്പെടും.’ – ശോഭ സുരേന്ദ്രൻ പറഞ്ഞു.

Leave a Reply