ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ വെളിപ്പെടുത്തലുകളും വലിയ വിപ്ലവങ്ങളും തന്നെ മലയാള സിനിമയിൽ സംഭവിച്ചിട്ടുണ്ട്. പിന്നാലെ മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ അഴിച്ചു പണി വേണമെന്നും സംഘടന ഭാരവാഹികൾക്കിടയിൽ കൂടുതൽ യുവാക്കളുടെയും സ്ത്രീകളുടെയും പ്രാധിനിത്യം ഉറപ്പിക്കണം എന്നും ആവശ്യം വരികയുണ്ടായി. ഇത്തരത്തിൽ സംഘടനയുടെ ഉത്തരവാദിത്തങ്ങളിൽ കാര്യമായി ഇടപെടാൻ സാധിക്കുന്ന നായികമാർ ആരൊക്കെ എന്ന ചർച്ചകളിൽ പലപ്പോഴും വന്നു പോകുന്ന ഒരു പേരാണ് നടി നിഖില വിമലിന്റേത്. വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും ഒരുപോലെ ഉറച്ച നിലപാടുകൾ സ്വീകരിക്കുന്നതും ഭയമില്ലാതെ അവ തുറന്നു പറയുന്നതുമായ നിഖിലയുടെ പ്രകൃതമാണ് നടിയെ നിർദ്ദേശിച്ചവരിൽ പലർക്കും പറയാനുള്ളത്.
എന്നാൽ അമ്മയുടെ സ്ത്രീ പ്രാതിനിത്യം എന്ന വിഷയത്തിൽ തന്റെ പേര് നിർദ്ദേശിക്കുന്നതിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോൾ നിഖില തന്നെ. അമ്മയുടെ ഉത്തരവാദിത്ത സ്ഥാനത്തിരിക്കാൻ ഒരു ഓഫർ വന്നാൽ താൻ അത് സ്വീകരിക്കുകയില്ല. കാരണം പുറത്തുനിന്ന് കാണുന്നതുപോലെയല്ല അത് വളരെ ഉത്തരവാദിത്വമുള്ള ഒരു പൊസിഷൻ ആണ്. ഒരു പണിയും ഇല്ലാത്തവരല്ല അവിടെ കയറിയിരിക്കുന്നത്. സ്ഥാനം ഏറ്റെടുക്കുമ്പോൾ നിരന്തരം ജോലികൾ ഉണ്ടാകും. ഓഫീസ് വർക്ക് പോലെ ചെയ്യേണ്ട ജോലിയാണ് അത്. അത്രയും ജോലി ചെയ്യാനുള്ള ഒരു സാഹചര്യത്തിൽ അല്ല താൻ നിലവിൽ നിൽക്കുന്നത് എന്നും സിനിമ ചെയ്യുമ്പോൾ താൻ ഹാപ്പിയാണ്. അത് ചെയ്യുക മാത്രമാണ് തനിക്ക് ഇപ്പോൾ ചെയ്യാൻ സാധിക്കുന്നതെന്നും നിഖില പറഞ്ഞു. അതേസമയം എന്തെങ്കിലും കാര്യത്തിൽ തന്റെ അഭിപ്രായം ആരെങ്കിലും ചോദിച്ചാൽ തീർച്ചയായിട്ടും തുറന്നു പറയുമെന്നും നിഖില കൂട്ടിച്ചേർത്തു