Spread the love
️വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹാജർ നില 40 ശതമാനത്തില്‍ കുറവെങ്കിൽ രണ്ടാഴ്ച അടച്ചിടും

സ്കൂളുകളിലും കോളജുകളിലും തുടര്‍ച്ചയായി മൂന്ന് ദിവസം വിദ്യാര്‍ഥികളുടെ ഹാജര്‍ നില 40 ശതമാനത്തില്‍ കുറവാണെങ്കില്‍ സ്ഥാപനം ക്ലസ്റ്റര്‍ ആയി കണക്കാക്കി രണ്ടാഴ്ച അടച്ചിടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു.

മറ്റു തീരുമാനങ്ങള്‍:

ജില്ലകളിലെ കോവിഡ് വ്യാപനം കണക്കാക്കുന്നതിന് സ്വീകരിച്ച എ.ബി.സി വര്‍ഗീകരണം നാളെ മുതല്‍ പ്രാബല്യത്തില്‍ വരും.

സെറിബ്രല്‍ പാള്‍സി, ഓട്ടിസം രോഗങ്ങള്‍ ഉള്ള കുട്ടികളുടെ മാതാപിതാക്കളില്‍ ഒരാളെ വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലൂടെ ജോലി ചെയ്യാന്‍ അനുമതി നല്‍കും.

സംസ്‌ഥാനത്ത് കോവിഡ് വ്യാപനവും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും. തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങള്‍ ഏകോപിച്ചു നിയന്ത്രണം ശക്തമാക്കും.

സംസ്‌ഥാനത്ത് 83 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനേഷന്‍ നല്‍കി. എന്നാല്‍, കാസര്‍കോട്​, മലപ്പുറം, പാലക്കാട്, ഇടുക്കി ജില്ലകള്‍ സംസ്‌ഥാന ശരാശരിക്കും താഴെയാണ്. കുട്ടികളുടെ വാക്‌സിനേഷനില്‍ സംസ്‌ഥാന ശരാശരി 66 ശതമാനമാണ്. എന്നാല്‍ എറണാകുളം, ഇടുക്കി, മലപ്പുറം, തിരുവനന്തപുരം ജില്ലകളുടെ വാക്‌സിനേഷന്‍ ശരാശരി സംസ്‌ഥാന ശരാശരിയേക്കാള്‍ കുറവാണ്. കുട്ടികളുടെ വാക്‌സിനേഷന്‍, രണ്ടാം ഡോസ് വാക്‌സിനേഷന്‍ എന്നിവ സംസ്‌ഥാന ശരാശരിയേക്കാള്‍ കുറഞ്ഞ ജില്ലകളില്‍ പ്രത്യേക വാക്‌സിനേഷന്‍ ഡ്രൈവ് നടത്തും.

ഡയാലിസിസ് ആവശ്യമുള്ള കോവിഡ് രോഗികള്‍ക്ക് എല്ലാ ജില്ലകളിലും സൗകര്യങ്ങള്‍ ഒരുക്കും. ജില്ലകളിലെ ആവശ്യത്തിനനുസരിച്ച്‌ ഡയാലിസിസ് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണം.

ഇ- ജാഗ്രതാ പോര്‍ട്ടലില്‍ വിവരങ്ങള്‍ സമയബന്ധിതമായി നല്‍കേണ്ടത് വളരെ പ്രധാനമാണ്. ഓക്സിജന്‍ വിവരങ്ങള്‍, കിടക്കയുടെ ലഭ്യത എന്നിവ ആശുപത്രികള്‍ സമയബന്ധിതമായി നല്‍കണം.

കോവിഡ് വ്യാപന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പ്രത്യേക ക്യാമ്ബയിന്‍ നടപ്പാക്കും. ജനുവരി 26 ന് ഓണ്‍ലൈന്‍ പരിശീലന പരിപാടി സംഘടിപ്പിക്കും. വീടുകളില്‍ ചികിത്സയില്‍ കഴിയുന്നവര്‍, മുതിര്‍ന്ന പൗരന്മാര്‍, കുട്ടികള്‍ എന്നിവര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍, കോവിഡുമായി ബന്ധപ്പെട്ട മറ്റു പ്രധാന നിര്‍ദ്ദേശങ്ങള്‍ എന്നിവ നല്‍കുന്ന പരിപാടിയില്‍ റെസിഡന്‍സ് അസ്സോസിയേഷനുകളോടും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളോടും പങ്കെടുക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സെക്രട്ടറിയേറ്റില്‍ ഇ- ഓഫീസ് സംവിധാനം 25 മുതല്‍ 30 വരെ നവീകരിക്കുന്നതിനാല്‍ സമാന്തര സംവിധാനം ഏര്‍പ്പെടുത്തും.

Leave a Reply