ന്യൂഡൽഹി : പെഗസസ് ഫോൺ ചോർത്തൽ റിപ്പോർട്ടുകൾ ശരിയെങ്കിൽ, വിഷയം ഗൗരവമുള്ളതാണെന്നു വ്യക്തമാക്കി സുപ്രീം കോടതി.

പട്ടികയിൽ ആരൊക്കെയുണ്ടെന്ന കാര്യം തങ്ങൾക്കറിയില്ലെന്നും സത്യം പുറത്തുവരണമെന്നും ഇതുസംബന്ധിച്ച ഹർജികൾ പരിഗണിക്കവേ ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.അതേസമയം, മാധ്യമ വാർത്തകളുടെ മാത്രം അടിസ്ഥാനത്തിൽ അന്വേഷണത്തിന് ഉത്തരവിടാൻ കഴിയില്ല. ഇക്കാര്യത്തിൽ കൂടുതൽ വിശദാംശങ്ങൾ വേണമെന്നും കോടതി ആവശ്യപ്പെട്ടു. നോട്ടിസയയ്ക്കുന്നതിനു മുൻപു കേന്ദ്ര സർക്കാരിനു പറയാനുള്ളതു കേൾക്കണമെന്നു കോടതി വ്യക്തമാക്കി. ഹർജികളുടെ പകർപ്പ് കേന്ദ്ര സർക്കാരിനു നൽകാനും നിർദേശിച്ചു. ഫോൺ ചോർത്തൽ ആരോപണങ്ങൾ ഗൗരവമുള്ളതു തന്നെയാണ്. എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ നൽകിയതൊഴികെയുള്ള ഹർജികളെല്ലാം മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ്. ഇത്ര വിശാലമായ വിഷയങ്ങളിൽ അന്വേഷണത്തിന് ഉത്തരവിടാൻ പത്ര റിപ്പോർട്ടുകൾക്കപ്പുറം പരിശോധിച്ചുറപ്പിക്കാവുന്ന ചില തെളിവുകൾ കൂടി വേണം. ഇത്തരം വിവരങ്ങൾ ശേഖരിക്കാൻ കഴിയുന്ന, രാജ്യാന്തര ബന്ധമുള്ളവരാണ് ഹർജിക്കാരെല്ലാം.
കോടതിക്കു മുൻപിൽ കൂടുതൽ ശക്തമായ വാദങ്ങളും തെളിവുകളും കൊണ്ടുവരാൻ ഹർജിക്കാർ കൂടുതൽ ശ്രദ്ധിക്കണമെന്നും കഠിനാധ്വാനം ചെയ്യണമെന്നും കോടതി പറഞ്ഞു. പെഗസസുമായി ബന്ധപ്പെട്ട ഹർജികൾ ഒരുമിച്ചു പരിഗണിക്കുമെന്നു വ്യക്തമായിരുന്നെങ്കിലും കേന്ദ്ര സർക്കാരിനു വേണ്ടി ഇന്നലെ ആരും ഹാജരായില്ല. ‘പെഗസസുമായി ബന്ധപ്പെട്ട് ഒട്ടേറെ ഹർജികൾ വന്നിട്ടുണ്ട്. അതിൽ ചിലതു പൊതുതാൽപര്യ സ്വഭാവമുള്ളതും ചിലത് ബന്ധപ്പെട്ട കക്ഷികൾ നൽകിയതുമാണ്. ഐടി നിയമം ചോദ്യം ചെയ്തുള്ള ഹർജികൾ വരെയുണ്ട്. അതുകൊണ്ടു കേന്ദ്ര സർക്കാരിനു വേണ്ടി ആരെങ്കിലും ഹാജരാകട്ടെ. അവർക്കു പറയാനുള്ളതു കേൾക്കാതെ കേസ് മുന്നോട്ടു പോകില്ല’ – ജസ്റ്റിസ് സൂര്യ കാന്ത് കൂടി ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.വിഷയത്തിൽ 10നു വീണ്ടും വാദം കേൾക്കും.