പോരാട്ടച്ചൂടിലാണു പുതുപ്പള്ളി. 53 വർഷം മണ്ഡലത്തിന്റെ മറുപേരായിരുന്ന ഉമ്മൻചാണ്ടിയുടെ വിയോഗം തീർത്ത ശൂന്യതയിൽ, പുതിയ ജനപ്രതിനിധിയെ തിരഞ്ഞെടുക്കാൻ തയാറെടുക്കുകയാണ് മണ്ഡലം. അതിവേഗത്തിൽ പ്രഖ്യാപിക്കപ്പെട്ട തിരഞ്ഞെടുപ്പിന്റെ അലയൊലി മണ്ഡലത്തിലുടനീളം വ്യാപിച്ചുകഴിഞ്ഞു. യുവരക്തങ്ങൾ പ്രധാന സ്ഥാനാർഥികളായി രംഗത്തെത്തുക കൂടി ചെയ്തതോടെ പ്രചാരണം മുൻപൊന്നും കാണാത്തത്ര സജീവമാണ്. സ്ഥാനാർഥിത്വം ആദ്യം പ്രഖ്യാപിക്കപ്പെട്ട യുഡിഎഫിന്റെ ചാണ്ടി ഉമ്മൻ വീടുകൾ കയറിയുള്ള പ്രചാരണത്തിനു പിന്നാലെ വാഹനപ്രചാരണ ജാഥയുടെ തിരക്കിലാണ്.