Spread the love

കർണാടകയിലെ ഷിരൂരിൽ ദേശീയപാതയിലെ മണ്ണിടിച്ചിലിനെ തുടർന്ന് ലോറിയുൾപ്പെടെ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ ഊർജിതപ്പെടുത്തതിന്റെ ഭാ​ഗമായി റഡാർ എത്തിച്ചു. മണ്ണിടിച്ചിലുണ്ടായ സ്ഥലത്തേക്കാണ് മം​ഗളൂരുവിൽ നിന്ന് റഡാറെത്തിച്ചിരിക്കുന്നത്. മണ്ണിടിഞ്ഞ സ്ഥലത്തും പുഴയിലും ഉടൻ പരിശോധന നടത്തും. സൂറത്കൽ എൻഐടിയിൽ നിന്നുള്ള സംഘമാണ് പരിശോധന നടത്തുക.

അതേസമയം രക്ഷാപ്രവർത്തനം അതീവ മന്ദ​ഗതിയിലാണെന്ന് ലോറി ഉടമയായ മനാഫ്. പുലർച്ചെ ആറ് മണിക്ക് തിരച്ചിൽ തുടങ്ങിയെന്ന് പൊലീസ് ഉദ്യോ​ഗസ്ഥർ പറയുന്നത് തെറ്റാണ്. പ്രദേശത്തേയ്ക്ക് ഉന്നത ഉദ്യോ​ഗസ്ഥർ ആരും എത്തിയിട്ടില്ല. ഇന്നലെ വൈകുന്നേരം ഉണ്ടായിരുന്ന തിരച്ചിലിന്റെ വേഗതപോലും ഇപ്പോഴില്ലെന്ന് ലോറി ഉടമ മനാഫ് പറഞ്ഞു.

തിരച്ചിൽ നടത്താനുള്ള ഏറ്റവും മികച്ച സമയമാണ്. ഈ ദിവസങ്ങളിൽ ഇത്രയും തെളിഞ്ഞ കാലാവസ്ഥയുള്ള ദിവസമാണിന്ന്. രാവിലെ തിരച്ചിൽ തുടങ്ങിയിരുന്നെങ്കിൽ ഇപ്പോൾ ഒരുപക്ഷേ അർജുനെ കണ്ടെത്താമായിരുന്നു. ലോറിയിൽ നിന്ന് അഞ്ച്, ആറ് അടി മാത്രമെയുള്ളു. കേരളത്തിൽ നിന്നുള്ള ഇടപെടലിലാണ് ഇപ്പോൾ തിരച്ചിൽ തുടരുന്നതെന്നും മനാഫ് പ്രതികരിച്ചു.

ഇവിടെയുണ്ടായിരുന്ന ഒരു ചായക്കടയ്ക്ക് മുകളിലേക്കാണ് ഇപ്പോൾ മണ്ണ് വാരിയിടുന്നത്. അതിന് കീഴിൽ ആളുകൾ കുടുങ്ങിയിട്ടുണ്ടെന്നാണ് മറ്റുള്ളവർ പറയുന്നത്. ഇത്ര വലിയൊരു ഹൈവേ ആയിരുന്നിട്ടും ഉയരത്തിലുള്ള മണ്ണ് ഒഴിവാക്കാൻ അധികൃതർ ശ്രമം നടത്തിയിട്ടില്ല. ഇത് പലപ്പോഴും മണ്ണ് ഇടിഞ്ഞുള്ള അപകടത്തിന് കാരണമായേക്കുമെന്നും ലോറി ഉടമ മനാഫ് പറയുന്നു.

Leave a Reply