
കോട്ടയം∙ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്റെ കുടുംബത്തിനുവേണ്ടി ചെയ്ത സേവനം ചാനൽ ക്യാമറയ്ക്കു മുന്നിൽ പറഞ്ഞതിനു വെറ്ററിനറി ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരിയെ ജോലിയിൽനിന്നു പുറത്താക്കിയ സംഭവത്തിൽ പ്രതികരണവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. ഉമ്മൻ ചാണ്ടിയെ കുറിച്ച് എല്ലാവർക്കും നല്ലതു മാത്രമേ പറയാനുള്ളൂവെന്നും ഇങ്ങനെയെങ്കിൽ പുതുപ്പള്ളിയിലെ ഭൂരിപക്ഷം ആളുകളുടെ പേരിലും നടപടിയെടുക്കേണ്ടി വരുമെന്നും തിരുവഞ്ചൂർ പറഞ്ഞു.
‘കേട്ടുകേൾവിയില്ലാത്ത വിധത്തിലാണ് ഈ പാവം സതിയോട് ഉദ്യോഗസ്ഥർ പെരുമാറുന്നത്. അവര് ജോലി ചെയ്തു കൊണ്ടിരിക്കുന്ന സമയത്താണ് ഡപ്യൂട്ടി ഡയറക്ടർ അവിടെ ചെല്ലുന്നത്. അദ്ദേഹം ചെന്ന് അവിടെ രേഖയൊക്കെ പരിശോധിക്കുന്നതു പോലെ ഒരു ചെറിയ നാടകം കളിച്ചതിനു ശേഷം പറഞ്ഞു നിങ്ങളിനി ജോലിക്ക് വരേണ്ട എന്ന് പറയുന്നു. ഡപ്യൂട്ടി ഡയറക്ടറോട് ഞാൻ സംസാരിച്ചു. അദ്ദേഹം എന്നോടു പറഞ്ഞ കാര്യങ്ങൾ ഞാൻ തുറന്നു പറയുന്നില്ല. അതുകഴിഞ്ഞ് ജില്ല ഓഫിസറെ വിളിച്ചപ്പോൾ ഇങ്ങനെ ഒരാൾ അവിടെ ജോലി ചെയ്തേ ഇല്ലെന്ന മട്ടിലാണ് സംസാരിച്ചത്. 13
വർഷമായി അവർ ജോലി ചെയ്തതാണ്. ഇപ്പോഴും അവർക്ക് ജോലി ചെയ്യാനുള്ള ഉത്തരവുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ അവർ പോവുകയാണ്. ആറു മാസം കൂടുന്ന സമയത്ത് കുടുംബശ്രീയിൽനിന്ന് പേരു കൊടുക്കുന്നത് അനുസരിച്ച് അവര് തുടരും.അവരവിടെ ജോലി ചെയ്തു കൊണ്ട് ഇരിക്കുകയാണ്. അവിടെനിന്നാണ് അവരോട് ഇനി ജോലിക്ക് വരേണ്ട എന്നു പറയുന്നത്. അവർക്ക് ജോലി ചെയ്യാനുള്ള അവകാശമുണ്ട്. അതിനുള്ള ഓർഡർ കൊടുത്തതുമാണ്. അതിനിടയ്ക്ക് ഉണ്ടായത് ഒരേയൊരു സംഭവമാണ്. ഉമ്മൻ ചാണ്ടി അവരുടെ കുടുംബത്തോട് ചെയ്ത കുറേ നല്ല കാര്യം അവർ മാധ്യമങ്ങളോട് പറഞ്ഞു. അവിടം മുതലാണ് പ്രശ്നം ആരംഭിക്കുന്നത്. അത് സമ്മതിക്കില്ല. അവർ നേരത്തെ ചെയ്തു കൊണ്ടിരുന്ന പണി അവർക്ക് കൊടുക്കണം. അതിനായി പ്രവർത്തിക്കും.
സമ്മർദ്ദത്തിന്റെ പുറത്താണ് ഉദ്യോഗസ്ഥർ ഇതു ചെയ്തത്. നീതിക്കു വേണ്ടിയുള്ള ആ സ്ത്രീയുടെ പോരാട്ടത്തിൽ കൂടെ നിൽക്കും. ഉമ്മൻ ചാണ്ടിയെ കുറിച്ച് എല്ലാവർക്കും നല്ലതേ പറയാനുള്ളൂ. ഇങ്ങനെയായാൽ ഈ നിയോജക മണ്ഡലത്തിലെ ഭൂരിപക്ഷം ആളുകൾക്കെതിരെയും നടപടിയെടുക്കേണ്ടി വരും. കാരണം ഉമ്മൻ ചാണ്ടിയെക്കുറിച്ച് ഇവിടെ നല്ലതേ പറയാനുള്ളൂ. അത് ആദ്യം അവർ മനസ്സിലാക്കട്ടേ’– തിരുവഞ്ചൂർ വ്യക്തമാക്കി. കൈതേപ്പാലം മൃഗാശുപത്രിയിലെ സ്വീപ്പർ പുതുപ്പള്ളി പള്ളിക്കിഴക്കേതിൽ പി.ഒ. സതിയമ്മ (52)യ്ക്കാണു 11 വർഷമായുണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടത്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനെപ്പറ്റി ചാനൽ റിപ്പോർട്ടർ വോട്ടർമാരുടെ പ്രതികരണം തേടുന്നതിനിടെ സതിയമ്മയോടും ഉമ്മൻ ചാണ്ടിയെക്കുറിച്ചു ചോദിച്ചു.
മകൻ രാഹുൽ വാഹനാപകടത്തിൽ മരിച്ചപ്പോൾ ഉമ്മൻ ചാണ്ടി നേരിട്ട് ഇടപെട്ട് സഹായങ്ങൾ ചെയ്തതും തന്റെ മകളുടെ വിവാഹച്ചടങ്ങിൽ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം പങ്കെടുത്തതും സതിയമ്മ ഓർമിച്ചു. ഇതിനുള്ള നന്ദിസൂചകമായി ചാണ്ടി ഉമ്മന് ഇക്കുറി വോട്ട് ചെയ്യുമെന്നും പറഞ്ഞു.
ഞായറാഴ്ച ചാനൽ ഇതു സംപ്രേഷണം ചെയ്തു. ഇന്നലെ ജോലിക്കെത്തിയപ്പോൾ മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഡപ്യൂട്ടി ഡയറക്ടർ ഫോണിൽ വിളിച്ച് ഇനി ജോലിക്കു കയറേണ്ടെന്നു നിർദേശിക്കുകയായിരുന്നു. ഒഴിവാക്കാൻ മുകളിൽനിന്നു സമ്മർദമുണ്ടെന്ന സൂചനയോടെയാണു ഡപ്യൂട്ടി ഡയറക്ടർ വിവരം അറിയിച്ചതെന്നു സതിയമ്മ പറഞ്ഞു.