എസ്.എൻ. സ്വാമി തിരക്കഥയെഴുതി ആദ്യമായി സംവിധാനം നിർവഹിച്ച ചിത്രമാണ് ‘സീക്രട്ട്’. ധ്യാൻ ശ്രീനിവാസനാണ് സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വേറിട്ട ഒരു പരീക്ഷണമായിരുന്നു ഈ ചിത്രം. എന്നാൽ സിനിമ ഇറങ്ങി ആദ്യ ഷോ കഴിഞ്ഞതോടെ അശ്വന്ത് കോക്ക് അടക്കമുള്ള ചിലർ റിവ്യൂ എന്ന പേരിൽ സിനിമയ്‌ക്കെതിരെ മോശം പ്രതികരണങ്ങൾ നടത്തിയിരുന്നു. ഇതിനെതിരെ രംഗത്തുവന്നിരിക്കുകയാണ് എസ്എൻ സ്വാമി. തന്നോടോ, ധ്യാൻ ശ്രീനിവാസനോടോ ഉള്ള വിരോധം സിനിമയ്‌ക്ക് മേൽ തീർക്കരുതെന്ന് സംവിധായകൻ പറയുന്നു. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് എസ് എൻ സ്വാമിയുടെ പ്രതികരണം.
“എന്റെ സിബിഐ 5 ഇറങ്ങിയ സമയം. ആ സിനിമ കേരളത്തിൽ ആദ്യം തുടങ്ങിയത് മലബാറിലെ ഫറൂഖിലാണ്. അന്ന് ആ ഷോ തുടങ്ങുന്നത് 11 മണിക്കാണ്. എന്നാൽ കിഴി എന്നു പറയുന്ന യൂട്യൂബർ സിനിമയുടെ റിവ്യൂ 10 മണിക്ക് ഇട്ടു. സിനിമ ഇറങ്ങി തീരും മുൻപ് അതിൽ റിവ്യൂ വന്നൂ. അങ്ങനെയുള്ളവർക്ക് ഒരു റിവ്യൂ എഴുതിയിടാൻ സിനിമ കാണണമെന്നില്ല. എന്തെങ്കിലുമൊക്കെ ചിലത് കിട്ടിയാൽ മതി. അതിന് എഴുതി വലുതാക്കിക്കോളും”.
“അശ്വന്ത് കോക്ക് എന്നു പറയുന്ന യൂട്യൂബർ സീക്രട്ട് എന്ന സിനിമയെ കുറിച്ച് പറയുന്നത് കേട്ടാൽ തന്നെ എനിക്കറിയാം, അയാൾ സിനിമ കണ്ടിട്ടില്ല എന്ന്. അതല്ലെങ്കിൽ സിനിമ കണ്ടിട്ട് അയാൾക്ക് ഒന്നും മനസ്സിലായില്ല. അതുമല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണം ഉണ്ടാവാം. റിവ്യൂ എന്നത് പാടില്ല എന്നല്ല ഞാൻ പറയുന്നത്. റിവ്യൂ വേണം. അതിൽ സത്യസന്ധമായ കാര്യങ്ങൾ പറയണം. നല്ലത് നല്ലതായി, ചീത്ത ചീത്തയായും തന്നെ പറയണം. എന്നോടോ, ധ്യാനിനോട് എന്തെങ്കിലും വിരോധമുണ്ടെങ്കിൽ അത് വേറെ രീതിയിൽ തീർക്കാം. അതിന് സിനിമയെ നശിപ്പിക്കരുത്. ഒരു സിനിമയ്‌ക്ക് വേണ്ടി പണം മുടക്കുന്ന ഒരാൾ ഉണ്ട് എന്നുള്ള കാര്യം ഓർക്കണം”-എസ്.എൻ സ്വാമി പറഞ്ഞു.