Spread the love

കാസർകോട് ∙ പെറ്റിയടിച്ചാൽ ഫ്യൂസൂരും, ഫ്യൂസൂരിയാൽ വീണ്ടും പെറ്റിയടിക്കും. കെഎസ്ഇബിയും മോട്ടർ വാഹന വകുപ്പും തമ്മിലുള്ള തർക്കവും ശീതയുദ്ധവും പുതിയ തലത്തിലെത്തിയിരിക്കുന്നു. നടപടികളെല്ലാം തികച്ചും സ്വാഭാവികം മാത്രമെന്ന് വകുപ്പുമായി ബന്ധപ്പെട്ടവർ പറയുമ്പോഴും എല്ലായ്പ്പോഴും ഇത്തരത്തിൽ നടപടികൾ ഉണ്ടാകുന്നില്ലെന്നു ചില ഉദ്യോഗസ്ഥർ തന്നെ ചൂണ്ടിക്കാട്ടുന്നു.

വയനാട്ടിൽ, ജീപ്പിനു മുകളിൽ തോട്ടിയും മറ്റുപകരണങ്ങളും വച്ചുകെട്ടിപ്പോയ കെഎസ്ഇബിക്ക് 20,000 രൂപ പിഴ ഈടാക്കിയതോടെയാണു പ്രശ്നങ്ങൾ തുടങ്ങിയത്. കൽപറ്റയിലെ മോട്ടർവാഹന വകുപ്പ് ഓഫിസിന്റെ ഫ്യൂസൂരിയായിരുന്നു തുടക്കം. പിന്നാലെ കാസർകോട്, മട്ടന്നൂർ ഓഫിസുകളുടെയും വൈദ്യുതബന്ധം കുടിശിക വന്നതിനെ തുടർന്നു വിച്ഛേദിച്ചു.

വെള്ളിയാഴ്ച മുതൽ കാസർകോട് എൻഫോഴ്സ്മന്റ് ആർടിഒ ഓഫിസ് ഇരുട്ടിലാണ്. ഏപ്രിൽ‍, മേയ് മാസങ്ങളിലായി 23,219 രൂപയുടെ ബില്ലാണ് കാസർകോട് എൻഫോഴ്സ്മന്റ് ആർടിഒ ഓഫിസിൽ കുടിശിക വന്നത്. ഇതിനിടെ കാസർകോട് കെഎസ്ഇബിക്കു വേണ്ടി കരാർ അടിസ്ഥാനത്തിലോടുന്ന വാഹനത്തിനു കെഎസ്ഇബി എന്ന ബോർഡ് ആർടിഒയുടെ അനുമതിയില്ലാതെ വച്ചെന്നു ചൂണ്ടിക്കാട്ടി 3250 രൂപ പിഴ ചുമത്തി.

പരിശോധന കർശനമാക്കിയാൽ കൂടുതൽ വാഹനങ്ങൾക്കു പിടിവീഴുമെന്നു സൂചനയുണ്ട്. ചില വകുപ്പുകളുടെ ജില്ലാ ആസ്ഥാനത്തുൾപ്പെടെ 15 വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങളുണ്ടെന്ന വിവരങ്ങൾ മോട്ടർ വാഹന വകുപ്പിന്റെ കയ്യിലുണ്ട്. സാമൂഹിക മാധ്യമങ്ങളിലെ ട്രോൾ ഗ്രൂപ്പുകളിൽ കെഎസ്ഇബിയും മോട്ടർ വാഹന വകുപ്പും തമ്മിലുള്ള പോരാട്ടം നിറഞ്ഞു നിൽക്കുകയാണ്.

Leave a Reply